ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ വന്‍ മലയിടിച്ചില്‍; ആറു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; വില്ലന്‍ ഉയര്‍ന്ന താപനില

ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ വന്‍ മലയിടിച്ചില്‍; ആറു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; വില്ലന്‍ ഉയര്‍ന്ന താപനില

റോം: ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ മഞ്ഞുരുകി വന്‍ മലയിടിച്ചില്‍. വിനോദ സഞ്ചാരികള്‍ക്ക് മേലായിരുന്നു കൂറ്റന്‍ ഹിമപാളികള്‍ പതിച്ചത്. സംഘത്തിലെ ആറു പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് കിഴക്കന്‍ ഇറ്റലിയിലെ ഡോളോമൈറ്റ്‌സ് കൊടുമുടിയുടെ മുകളില്‍ മര്‍മോലഡ എന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചൂട് പതിവിലേറെ ഉയര്‍ന്നതോടെയാണ് മലയിടിച്ചിലുണ്ടായത്.

വീണ്ടും മലയിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍നിന്നും വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പതിനഞ്ചോളം പേര്‍ ഇപ്പോഴും താഴെയിറങ്ങാനാകാതെ മലയുടെ മുകളില്‍ കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഈ പര്‍വ്വത നിരകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചൂട് അനുഭവപ്പെട്ടത്. പത്ത് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശനിയാഴ്ച്ച ഇവിടത്തെ അന്തരീക്ഷ താപനില.

ജൂണ്‍ അവസാനത്തോടെ ഇറ്റലി ചൂടില്‍ വെന്തുരുകാന്‍ തുടങ്ങിയിരുന്നു. ഇതും ഈ അപകടത്തിന് കാരണമായിട്ടുണ്ടാകാം എന്ന് പറയപ്പെടുന്നു. ഒരു വന്‍ ശബ്ദത്തോടെയാണ് മഞ്ഞുപാളികള്‍ കൂട്ടത്തോടെ നിലം പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എല്ലാം വളരെ വേഗത്തിലായിരുന്നു, ഓടി രക്ഷപ്പെടാനുള്ള സമയം പോലും ലഭിച്ചില്ലെന്ന് പരിക്കേറ്റയാള്‍ പറഞ്ഞു. അഞ്ച് ഹെലികോപറ്ററുകളിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മലയുടെ മുകളില്‍ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ ഇതിനു മുന്‍പും മഞ്ഞുരുകി മലയിടിച്ചിലുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു മലയിടിച്ചില്‍ ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോളോമൈറ്റ്‌സ് കൊടുമുടിയിലെ ഏറ്റവും ഉയരം കൂടിയ മാര്‍മോലഡ ഭാഗത്താണ് ഇപ്പോള്‍ അപകടം നടന്നിരിക്കുന്നത്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റൊരു ഇരയാണ് ആല്‍പ്‌സ് എന്ന് നേരത്തേ മുതല്‍ പരിസ്ഥിതി വാദികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതല്‍ വന്‍ ദുരന്തങ്ങള്‍ മനുഷ്യരാശിയെ കാത്തിരിക്കുന്നുണ്ട് എന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാനെന്നും പ്രകൃതി സ്‌നേഹികള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.