കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ വിവാദ നായകിയുടെ പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ കോടതി. പരാതിക്കാരിയുടെ നടപടികള്‍ ദുരൂഹമാണ്. അഞ്ചു മാസത്തോളം കേസ് നല്‍കാന്‍ താമസിച്ചതിലും സംശയമുണ്ട്. യാതൊരു നടപടി ക്രമമവും പാലിക്കാതെയാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നിരീക്ഷിച്ചു.
ജാമ്യ ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുള്ളത്. ഫെബ്രുവരി 10 നാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്‍പില്‍ എത്തിയത്. പരാതി വൈകാന്‍ കാരണം എന്താണെന്ന് കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമ നടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്.
മുന്‍ മന്ത്രിക്കെതിരേ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു. ജോര്‍ജിനെ അറസ്റ്റ് ചെയ്തത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നല്‍കണം. അതും കേസില്‍ പാലിച്ചിട്ടില്ല.
അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോര്‍ജ് വിധേയനാവുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയിലായിരുന്നു മ്യൂസിയം പൊലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷി കൂടിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.