'ഒരു ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കിക്കോ'; ഹോട്ടലെന്ന് കരുതി എ.എസ്.ഐ വിളിച്ചത് എ.സി.പിയെ !

'ഒരു ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കിക്കോ'; ഹോട്ടലെന്ന് കരുതി എ.എസ്.ഐ വിളിച്ചത് എ.സി.പിയെ !

കോഴിക്കോട്: 'ഒരു ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കിക്കോ', ഹോട്ടലെന്ന് കരുതി എ.എസ്.ഐ വിളിച്ചത് അസിസ്റ്റന്റ് കമ്മീഷണറെ. അബദ്ധം മനസിലാക്കിയപ്പോള്‍ ക്ഷമാപണവും നടത്തി. എസിപി നല്‍കിയ രസകരമായ മറുപടിയാണ് സംഭവം വൈറലാക്കിയത്.

എആര്‍ ക്യാമ്പ് എ.എസ്.ഐ. ബല്‍രാജാണ് ഹോട്ടലാണെന്ന് കരുതി ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദിഖിനെ വിളിച്ച് ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്തത്. അപ്പുറത്ത് നിന്നും ഉടന്‍ മറുപടിയും വന്നു. 'ഒരു രക്ഷയും ഇല്ല ഞാന്‍ ഫറോക്ക് എ.സി.പിയാ..' അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ എ.എസ്.ഐ ഉടന്‍ തന്നെ ക്ഷമാപണം നടത്തി. നമ്പര്‍ മാറിപ്പോയതാണെന്നും പറഞ്ഞു.

ഇത്തരം അബദ്ധമൊക്കെ ആര്‍ക്കും പറ്റും. തമാശയായിട്ട് എടുത്താ മതിയെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. ചാലിയം ക്യൂ.ആര്‍.ട്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബല്‍രാജ് രാത്രി എട്ട് മണിക്ക് എ.സി.പി സിദ്ദിഖിനെ വിളിച്ചിരുന്നു. ഡ്യൂട്ടി അവസാനിപ്പിക്കാന്‍ എ.സി.പി പറയുകയും ചെയ്തു.

തിരിച്ച് വരുന്ന വഴി മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലെ സിറ്റി ഹോട്ടലിലെ സിദ്ദിഖാണെന്ന് കരുതിയാണ് ബല്‍രാജ് ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്തത്. പക്ഷെ, നമ്പര്‍ മാറി കോള്‍ പോയത് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദിഖിന്റെ നമ്പറിലേക്കായിരുന്നു എന്നു മാത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.