ഭരണകൂട വേട്ടയാടലിന് ഇരയായി വിടവാങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഇന്ന് ഒരാണ്ട്

ഭരണകൂട വേട്ടയാടലിന് ഇരയായി വിടവാങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഇന്ന് ഒരാണ്ട്

റാഞ്ചി: പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജീവിതത്തില്‍ നിന്ന് വിടവാങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി കഴിഞ്ഞ അര നൂറ്റാണ്ടായി ശബ്ദമുയര്‍ത്തികൊണ്ടിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രോഗിയും വയോധികനുമായ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരുന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ അദ്ദേഹം മനുഷ്യാവകാശ ലംഘനത്തിന് ഇരയാക്കപ്പെട്ടു.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ വിറയലുണ്ടെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിയ്ക്കപ്പെട്ടില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.

മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചതിനാല്‍ തലോജ ജയിലില്‍ നിന്ന് നവി മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റിയിരുന്നു. അവിടെ വച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ച 'മനുഷ്യാവകാശത്തിനുള്ള നോബല്‍ സമ്മാനം' എന്ന് വിളിക്കപ്പെടുന്ന മാര്‍ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പുരസ്‌കാരം ഫാ. സ്റ്റാന്‍ സ്വാമിയ്ക്കായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.