ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പ്രസംഗം പിടിവിട്ടു: ഗവര്‍ണര്‍ വിശദീകരണം തേടി; പരക്കേ പ്രതിഷേധം

ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പ്രസംഗം പിടിവിട്ടു: ഗവര്‍ണര്‍ വിശദീകരണം തേടി; പരക്കേ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും.

പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം വിഷയം ഗൗരവത്തോടെയാണ് രാജ്ഭവന്‍ കാണുന്നത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണും.

മന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സജി ചെറിയാനെ വിളിപ്പിച്ചു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണ്. ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷയും രംഗത്തെത്തി. അക്ഷരാഭ്യാസമുള്ള ആരും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. ഭരണഘടനയെ പ്രതി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഒരു കാരണവശാലും അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതി വച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.