മന്ത്രി സജി ചെറിയാന്റെ പ്രസംഗം പിള്ളയുടെ 'പഞ്ചാബ് മോഡലി'നെക്കാള്‍ ഗൗരവതരം

മന്ത്രി സജി ചെറിയാന്റെ പ്രസംഗം പിള്ളയുടെ 'പഞ്ചാബ് മോഡലി'നെക്കാള്‍ ഗൗരവതരം


'വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ല'... രണ്ടും അപകടം വിതയ്ക്കും. രാജ്യത്തിന്റെ ഭരണഘടനയെ വിമര്‍ശിച്ചതു വഴി അത്തരത്തിലൊരു അപകടത്തില്‍ ചെന്നു പെട്ടിരിക്കുകയാണ് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍.

രാജ്യത്തെ ഭരണഘടനയോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി തന്നെ ഭരണഘടനയെ വിമര്‍ശിച്ചത് ഏറെ ഗൗരവതരമാണ്. ഭരണഘടനയെ സ്വബോധമുള്ള ആര് വിമര്‍ശിച്ചാലും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ ഞാന്‍ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാര്‍ എഴുതിവച്ചത്.

ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം' - ഇതായിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പൊതു യോഗത്തില്‍ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം.

ഇതിലുമൊക്കെ വളരെ ഗൗരവം കുറഞ്ഞ കാര്യം പറഞ്ഞതിന്റെ പേരിലാണ് 1985 ല്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസ് സമര പ്രഖ്യാപന സമ്മേളനത്തിലാണ് പിള്ള വിവാദ പ്രസംഗം നടത്തിയത്. പിന്നീടത് പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ പ്രസിദ്ധമായി.

പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബുകാരെപ്പോലെ സമരത്തിന് (ഖാലിസ്ഥാന്‍ സമരം) നിര്‍ബന്ധിതരാകുമെന്നായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം.

മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും പിള്ള രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റീസ് രാധാകൃഷ്ണ മേനോന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിപദം രാജി വയ്ക്കുകയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പിള്ളയുടെ രാജിക്ക് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.

മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായതോടെ ഭരണഘടനയ്ക്ക് എതിരായി താന്‍ ഒന്നും പറഞ്ഞിച്ചില്ലെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്. ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയത്. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നും മന്ത്രി പറഞ്ഞു. പക്ഷേ ഇത് പൊതു സമൂഹത്തിന് എത്രത്തോളം സ്വീകാര്യമാകും എന്നതാണ് കണ്ടറിയേണ്ടത്.

പാര്‍ട്ടിയും മുഖ്യമന്ത്രിയും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ചില നിര്‍ണായക കടമ്പകള്‍ അദ്ദേഹം കടക്കേണ്ടി വരും. അതില്‍ പ്രധാനപ്പെട്ടത് ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ കോടതിയിലെത്താവുന്ന പൊതു താല്‍പര്യ ഹര്‍ജിയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടാണ് മറ്റൊന്ന്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും അതില്‍ തുടര്‍ നടപടി ഉണ്ടാവുകയും ചെയ്താലും മന്ത്രി സജി ചെറിയാന്റെ നില പരുങ്ങലിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.