വിവോയുടെ ഓഫീസുകളില്‍ ഇഡിയുടെ വ്യാപക റെയ്ഡ്; ഇന്ത്യയിലേക്ക് കള്ളപ്പണം കടത്താന്‍ കമ്പനി ശ്രമിച്ചതായി സൂചന

വിവോയുടെ ഓഫീസുകളില്‍ ഇഡിയുടെ വ്യാപക റെയ്ഡ്; ഇന്ത്യയിലേക്ക് കള്ളപ്പണം കടത്താന്‍ കമ്പനി ശ്രമിച്ചതായി സൂചന

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയ്‌ക്കെതിരേ കര്‍ശന നടപടിക്ക് തുടക്കമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവോയുടെ ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി ഇന്ന് റെയ്ഡ് നടത്തി. രാജ്യവ്യാപകമായി 44 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ചില ചൈനീസ് ഓഹരി ഉടമകള്‍ വ്യാജരേഖ നിര്‍മിച്ചുവെന്നാരോപിച്ച് കമ്പനിയുടെ ജമ്മു-കശ്മീരിലെ ഏജന്‍സിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വിദേശത്തു നിന്ന് അനധികൃത പണം കൊണ്ടുവരാനാണ് വ്യാജ രേഖകളുണ്ടാക്കിയതെന്ന് ഇഡി സംശയിക്കുന്നു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ചൈനീസ് കമ്പനിക്കെതിരേ നേരത്തെ നിരവധി പരാതികളുയര്‍ന്നിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് കമ്പനികളില്‍ നിന്ന് രാജ്യത്തേക്ക് പണം ഒഴുകുന്നതായി രഹസ്വാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടികള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. മുന്‍നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ 5551 കോടിയുടെ നിക്ഷേപം പിടിച്ചെടുക്കാന്‍ ഇഡി ഏപ്രിലിലാണ് ഉത്തരവിട്ടത്. മറ്റൊരു ചൈനീസ് ടെലികോം കമ്പനി വാവേയുടെ ഓഫിസില്‍ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഷവോമി, ഓപ്പോ, വിവോ, എന്നിവയുടെ വിതരണക്കാരുടെയും ഇതുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ കാണിക്കാത്ത 6500 കോടിയുടെ വരുമാനം കണ്ടെത്തിയിരുന്നു. ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാര്‍ സംശയത്തോടെയാണ് നോക്കി കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.