ഡാളസ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ദുക്റാന തിരുന്നാൾ ഭക്തിപുരസ്സരം കൊണ്ടാടി

ഡാളസ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ദുക്റാന തിരുന്നാൾ ഭക്തിപുരസ്സരം  കൊണ്ടാടി

ഡാളസ്: ഡാളസിലെ, സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ വി തോമ്മാശ്ലീഹായുടെ ദുക്റാന തിരുന്നാൾ സാഘോഷം കൊണ്ടാടി. ജൂലൈ ഒന്നിന് ആരംഭിച്ച തിരുന്നാൾ ജൂലൈ നാലിന് അവസാനിച്ചു . കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങൾ തടസ്സമാകാതെ ഇടവക തിരുന്നാൾ ആഘോഷിക്കാൻ ഇടവകാംഗങ്ങൾ ഉത്സാഹത്തോടെ ഒരുമിച്ച് കൂടി. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും നേത്ര്യത്വത്തിൽ ഇടവക തിരുന്നാൾ ആഘോഷങ്ങൾ ഭംഗിയായി ഏകീകരിക്കപ്പെട്ടു. ഒൻപത് ദിവസം വി കുർബാനയിലും നൊവേനയിലും പങ്കെടുത്ത് ഒരുങ്ങിയതിന് ശേഷമാണ് തിരുന്നാൾ ദിനങ്ങളിലേക്ക് കടന്നത്.

ജൂലൈ 1
ജൂലൈ 1 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ഇടവക വികാരി ഫാ ജെയിംസ് നിരപ്പേൽ കൊടിയേറ്റിയതോടു കൂടി തിരുന്നാളിന് നാന്ദിയായി. തുടർന്ന് ഫാ.എബ്രഹാം തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മലങ്കര സഭയുടെ ആരാധനാ ക്രമപ്രകാരമുള്ള വി കുർബാന അർപ്പിക്കപ്പെട്ടു. കുർബാന മദ്ധ്യേ ഫാ.എബ്രഹാം സന്ദേശം പങ്ക് വച്ചു."തോമ്മാ ശ്ലീഹ ഒരു ഭീരുവായിരുന്നില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് യഹൂദന്മാരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷപ്പെട്ടപ്പോൾ തോമ്മാശ്ലീഹാ അവരോടൊപ്പം ഉണ്ടായിരുന്നില്ല എന്നത്. യുക്തി, വിശ്വാസത്തിന് വഴി മാറുന്ന പ്രതിഭാസമാണ് നാം തോമ്മാശ്ലീഹായിൽ കാണുന്നത്. അവിശ്വാസികളായ യുക്തിവാദികൾക്ക് യേശുവിനെ കാണിച്ച് കൊടുക്കേണ്ടത് നമ്മുടെ ജീവിത സാക്ഷ്യത്തിൽക്കൂടിയാണ്. നാം സ്വീകരിക്കുന്ന അപ്പവും വീഞ്ഞും യേശുവിന്റെ ശരീര രക്തങ്ങൾ ആണ്, ശരീരവും രക്തവും പോലെയല്ല. ഈ ശരീരരക്തങ്ങളാണ് യേശുവിന്റെ സാന്നിധ്യം നമുക്ക് പകർന്ന് തരുന്നത്" ഫാ എബ്രഹാം പറഞ്ഞു. തുടർന്ന് ജൂബിലി ഹാളിൽ സെന്റ് തോമസ് നൈറ്റ് നടത്തപ്പെട്ടു. ഇടവകങ്ങൾ വിവിധ  കലാപരിപാടികൾ അവതരിപ്പിച്ചു.




ജൂലൈ 2
വൈകുന്നേരം അഞ്ച് മണിക്ക് ഫാ അലക്സ് ജോസഫ് മുഖ്യ കാർമികനായി വി കുബാന അർപ്പിക്കപ്പെട്ടു. മറ്റുള്ളവരെ വിമർശിക്കുന്നതിന് പകരം, സ്വയം മെച്ചപ്പെടണമെന്നും നാം അധ്വാനിക്കുന്നത് യേശുവിന്റെ ശരീരത്തിനുവേണ്ടിയാണെന്നുമുള്ള ബോധ്യം ഉണ്ടാവണമെന്നും കുബാന മദ്ധ്യേ സന്ദേശത്തിൽ പങ്ക് വച്ചു. തുടര്‍ന്ന് ജൂബിലി ഹാളിൽ,ഡാളസ് നാദം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച കരോക്കെ ക്രിസ്തീയ ഭക്തിഗാനമേള 'സ്‌നേഹസംഗീതം' അവതരിപ്പിച്ചു.

ജൂലൈ 3
പ്രാധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് വി കുർബാന ഉണ്ടായിരുന്നു. വൈകുന്നേരം നാല് മണിക്ക് ലദീഞ്ഞും ആഘോഷമായ റാസ കുബാനയും നടത്തപ്പെട്ടു. മുൻ ഇടവക വികാരി ഫാ കുര്യൻ നെടുവേലിചാലുങ്കൽ മുഖ്യ കാർമ്മികനും ഫാ.ജോസഫ് പുത്തന്‍കളത്തില്‍, ഫാ.സിനു ജോസഫ്, ഫാ. ജോസഫ് നെടുമാങ്കുഴിയില്‍, ഫാ.ജോസഫ് കളരിക്കല്‍, ഫാ. ക്രിസ്റ്റി ജേക്കബ്, ഫാ.സോജന്‍ ജോര്‍ജ്, ഫാ.ജോസഫ് മാവേലില്‍, ഫാ.അലക്‌സ് ജോസഫ് എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.ഫാ.സിനു ജോസഫ് കുർബാന മദ്ധ്യേ സന്ദേശം പങ്ക് വച്ചു. "ഈ തിരുന്നാൾ മൂന്ന് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി മാതാവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തണം. അമ്മയില്ലാതെ സഭയില്ല. രണ്ടാമത് യേശുവുമായുള്ള വ്യക്തി ബന്ധം വളർത്തുക . അത് സാധ്യമാകുന്നത് പ്രാർത്ഥനയിലൂടെയാണ്. മാതൃ ഭക്തിയുടെയും വചന വായനയിലൂടെയും ജീവിതം മെച്ചപ്പെടുത്തണം. വി കുർബാനയിൽ പങ്കെടുത്തുകൊണ്ടും ക്രിസ്തുവുമായുള്ള ആഴമായ ബന്ധത്തിൽ വളരണം. മൂന്നാമതായി ഓർക്കേണ്ടത്  അവിശ്വാസിയാകാതെ വിശ്വാസിയാകുക എന്നതാണ്. ഇന്ന് സഭ നേരിടുന്ന വെല്ലുവിളി സഭയ്ക്ക് പുറത്തു നിന്നുള്ളതല്ല, സഭയ്ക്കുള്ളിൽ നിന്നുള്ളതാണ്. ആദിമ സഭയിൽ സഭയ്ക്കുള്ളിലായിരുന്നില്ല വെല്ലുവിളി, പുറമെ നിന്നായിരുന്നു, പീഡനങ്ങൾ ആയിരുന്നു വെല്ലുവിളി. എന്നാൽ ഇന്ന് നമ്മിൽ തന്നെയാണ് വെല്ലുവിളികൾ, നമ്മുടെ കുടുംബങ്ങളിൽ തന്നെയാണ് വെല്ലുവിളികൾ. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കാൻ നമുക്കാവണം".ഫാ സിനു പറഞ്ഞു. കുർബാനയ്ക്ക്തു ശേഷമുള്ള പ്രദക്ഷിണത്തിൽ ഇടവകാംഗങ്ങൾ ഭക്തി പൂർവം പങ്കെടുത്തു. സെന്റ് തോമസ് ഇടവകയുടെ ചെണ്ട മേള സംഘത്തിന്റെ തകർപ്പൻ പ്രകടനം ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടി. തുടർന്ന് സ്നേഹവിരുന്ന് നൽകപ്പെട്ടു.

ജൂലൈ 4

തിരുന്നാളിന്റെ അവസാന ദിവസമായ തിങ്കളാഴ്ച രാവിലെ 8 .30 ന് മരിച്ചവർക്കുള്ള ദിവ്യ ബലിയർപ്പിച്ചു. വികാരി ഫാ ജെയിംസ് നിരപ്പേൽ മുഖ്യ കാർമ്മികനും ഫാ ജോസഫ് അലക്സ്, ഫാ ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമ്മികരുമായിരുന്നു. ഫാ ജോസഫ് അലക്സ് കുർബാന മദ്ധ്യേ സന്ദേശം പങ്ക് വച്ചു. മരിച്ചവരെ ഓർക്കുന്ന ദിവസം നാം നമ്മുടെ മരണത്തെപ്പറ്റി ഓർക്കണം. നാമെല്ലാവരും ഒരിക്കൽ 'കടാവർ' ആകാനുള്ളവരാണ്. സുഗന്ധം വമിക്കുന്ന മൃത ശരീരങ്ങളായിരിക്കണം നമ്മുടേത്. പാലാ നഗരത്തിലെ പ്രശസ്തമായ രണ്ട് കല്ലറകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. വി അൽഫോൻസാമ്മയുടെയും ഒരു അറിയപ്പെടുന്ന രഷ്ട്രീയ പ്രവർത്തകന്റെയും. രാത്രിയിൽ തനിച്ച് ഇതിൽ ഏതെങ്കിലും ഒരു കല്ലറയിൽ പോകാമോ എന്ന് ചോദിച്ചാൽ തിരഞ്ഞെടുക്കുന്നത് ആരുടെയായിരിക്കും എന്ന് ഫാ ജോസഫ് ചോദിച്ചു. വി അൽഫോൻസാമ്മയുടേത് എന്ന മറുപടിക്ക് , അത് യേശുവിന്റെ ജീവിതം ഇന്നും ആ ശരീരത്തിൽ തുടിക്കുന്നത് കൊണ്ടാണെന്നും ഫാ ജോസഫ് പറഞ്ഞു. നമ്മിൽ യേശു ജീവിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു. കുർബാനക്ക് ശേഷം ഫാ ജെയിംസ് നിരപ്പേൽ കൊടിയിറക്കിയതോട്കൂടി 2022 ലെ ഇടവക തിരുന്നാളിന് സമാപ്തിയായി.



തിരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളുംനടത്തിയത് വികാരി ഫാ. ജയിംസ് നിരപ്പേല്‍, ട്രസ്റ്റിമാരായ ജിമ്മി മാത്യൂ, ടോമി ജോസഫ്, ചാര്‍ളി അങ്ങാടിച്ചേരില്‍, ജീവന്‍ ജയിംസ് എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളും  മറ്റ് സംഘടനാ ഭാരവാഹികളും  അംഗങ്ങളും ചേർന്നാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.