വിശുദ്ധ മരിയ ഗൊരേത്തി: യുവ ജനങ്ങളുടെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെയും മധ്യസ്ഥ

വിശുദ്ധ മരിയ ഗൊരേത്തി: യുവ ജനങ്ങളുടെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെയും മധ്യസ്ഥ

അനുദിന വിശുദ്ധര്‍ - ജൂലൈ 06

റ്റലിയില്‍ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ 1890 ഒക്ടോബര്‍ 16 ന് ജനിച്ച് തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി 1902 ജൂലൈ ആറിന് രക്തസാക്ഷിയായി തീര്‍ന്ന വിശുദ്ധയാണ് മരിയ ഗൊരെത്തി. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളാണ് വിശുദ്ധ മരിയ ഗൊരെത്തി.

മാതാപിതാക്കളുടെ ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു മരിയ. അവള്‍ക്ക് ആറു വയസായപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാവുകയും കൃഷി സ്ഥലമെല്ലാം വിറ്റ് കൂലിപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അധികം താമസിയാതെ മരിയയുടെ പിതാവ് രോഗബാധിതനാവുകയും അവള്‍ക്ക് ഒന്‍പതു വയസുള്ളപ്പോള്‍ മരണമടയുകയും ചെയ്തു.

അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാക്കുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങളെല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്.

ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവര്‍ പങ്കുവച്ചു. പിന്നീട് അവര്‍ ലാസിയോ എന്ന സ്ഥലത്തേയ്ക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു.

സെറിനെല്ലി കുടുംബത്തിലെ അലക്സാണ്ടര്‍ എന്ന പേരുള്ള പത്തൊന്‍പതുകാരന്‍ മരിയയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം ലൈംഗികമായി പാപം ചെയ്യാന്‍ പല തവണ ക്ഷണിച്ചു. എന്നാല്‍ അവള്‍ ഒരിക്കലും അതിനു തയ്യാറായില്ല. ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്സാണ്ടര്‍ കയറിവന്ന് അവളെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ മരിയ വഴങ്ങിയില്ല. അയാള്‍ ചെയ്യാന്‍ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തില്‍ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍, ''പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്ന് മരിയ പറഞ്ഞപ്പോള്‍ അയാള്‍ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവളെ വീണ്ടും മൂന്നു തവണ കൂടി അലക്സാണ്ടര്‍ കുത്തി.

മരണക്കിടക്കയില്‍ വച്ച് മരിയ പറഞ്ഞു: ''അലക്സാണ്ടറിനോട് ഞാന്‍ ക്ഷമിച്ചു കഴിഞ്ഞു. ഒരിക്കല്‍ അയാള്‍ക്ക് ചെയ്ത തെറ്റിനെക്കുറിച്ച് ബോധ്യമുണ്ടാവും. അയാള്‍ മാനസാന്തരപ്പെടും.''

പിറ്റേന്ന് 1902 ജൂലൈ ആറിന് മരിയ മരിച്ചു. അപ്പോള്‍ അവള്‍ക്ക് 11 വയസായിരുന്നു. അലക്സാണ്ടറിനെ കോടതി 30 വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്കു വിധിച്ചു. താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് യാതൊരു വിധ അനുതാപമോ പശ്ചാത്താപമോ ഇല്ലാത്ത അവസ്ഥയിലാണ് അയാള്‍ തന്റെ ജയില്‍ വാസത്തിന്റെ ആദ്യഘട്ടം ചിലവഴിച്ചത്.

ആ സമയത്താണ് ബിഷപ്പ് ജിയോവന്നി ബ്ലാന്‍ഡിനി ജയിലില്‍ കഴിയുന്ന അലക്സാണ്ടറിനെ സന്ദര്‍ശിക്കുന്നത്. ആ സന്ദര്‍ശനം അയാളില്‍ വലിയ മാറ്റം വരുത്തി. അതിന് ശേഷം അലക്‌സാണ്ടര്‍ ബിഷപ്പിന് ഒരു കത്തെഴുതി. അതില്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജയിലില്‍ വച്ച് അയാള്‍ കണ്ട സ്വപ്നത്തെക്കുറിച്ചും അലക്സാണ്ടര്‍ എഴുതിയിരുന്നു.

മരിയ ഗൊരേത്തി അദ്ദേഹത്തിന് ലില്ലിപ്പൂക്കള്‍ നല്‍കുന്നതായും അത് അലക്സാണ്ടറുടെ കരങ്ങളില്‍ എത്തുമ്പോള്‍ കരിഞ്ഞു പോകുന്നതായും സ്വപ്നത്തില്‍ കണ്ടെന്ന് അദ്ദേഹം ആ കത്തിലൂടെ വെളിപ്പെടുത്തി.

പിന്നീട് ജയില്‍ മോചിതനായ ശേഷം അലക്സാണ്ടര്‍, മരിയയുടെ അമ്മയായ അസൂന്തയെ സന്ദര്‍ശിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ആ അമ്മ തന്റെ മകളുടെ ഘാതകനോട് ക്ഷമിച്ചു. പിറ്റേന്ന് അവര്‍ ഒരുമിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി വിശ്വാസത്തില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന അലക്സാണ്ടര്‍ ഒരുക്കത്തോടെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. അദ്ദേഹം എല്ലാ ദിവസവും മരിയ ഗൊരേത്തിയെ 'എന്റെ ചെറിയ വിശുദ്ധ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നു. അലക്സാണ്ടര്‍ പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സമൂഹത്തില്‍ തുണ സഹോദരനായി ചേര്‍ന്നു.

1947 ഏപ്രില്‍ 27 ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മരിയ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയില്‍ മാര്‍പ്പാപ്പ മരിയയുടെ മാതാവിന്റെ ശിരസില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു 'നിങ്ങള്‍ അനുഗൃഹീതയും സന്തോഷവതിയുമായ മാതാവാണ്. കാരണം നിങ്ങള്‍ ഒരു അനുഗൃഹീതയുടെ അമ്മയാണ്'.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1950 ജൂണ്‍ 24 ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവര്‍. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലക്സാണ്ടറും ചടങ്ങില്‍ പങ്കെടുത്തു

എല്ലാ വര്‍ഷവും ജൂലൈ മാസം ആറാം തീയതിയാണ് വി. മരിയ ഗൊരേത്തിയുടെ തിരുനാള്‍ തിരുസഭ ആചരിക്കുന്നത്. യുവ ജനങ്ങളുടേയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടേയും മധ്യസ്ഥയാണ് വിശുദ്ധ മരിയ ഗൊരേത്തി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അക്വിറ്റെയിനിലെ ഗോവര്‍

2. ഗിസ്‌തെല്ലൂസിലെ ഗോദേലെവ

3. കസാനിയായിലെ ഡോമിനിക്കാ

4. ഐറിഷ് സന്യാസിയായിരുന്ന മോണിന്നെ

5. ഗല്ലിയെനൂസിന്റെ കീഴില്‍ രക്തസാക്ഷികളായ ലൂസി, അന്തോണിനൂസ്, സെവെരിനൂസ്, ഡിയോഡോറൂസ്, ഡിയോണ്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26