ചിക്കാഗോ: ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു നേരെ വെടിവെപ്പ് നടത്തിയ പ്രതി മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ്. അപകടകരമായവിധം അക്രമവാസന പ്രകടിപ്പിക്കുന്ന പ്രതി മുന്‍പും കൊലവിളി നടത്തിയതിന്റെയും ആത്മഹത്യക്ക് ശ്രമിച്ചതിന്റെയും തെളിവുകള്‍ പൊലീസ് കണ്ടെത്തി. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ജൂലൈ നാലിനായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത മൂവായിരത്തോളം ആളുകള്‍ക്ക് നേരെ പ്രതി നിരവധി തവണ വെടി ഉതിര്‍ക്കുകയായിരുന്നു. ആറു പേര്‍ തല്‍ക്ഷണം മരിച്ചു. മൂന്ന് ഡസനിലേറെ പേര്‍ക്ക് പരിക്കേറ്റു. പരേഡ് ഗ്രൗണ്ടിന്റെ സമീപത്തെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് നിറയൊഴിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട 22 കാരനായ പ്രതി റോബര്‍ട്ട് ക്രിമോയെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു.
മൂന്നാഴ്ച്ചയെങ്കിലും ആസൂത്രണം നടത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്ത്രീകള്‍ ധരിക്കുന്ന പോലുള്ള വസ്ത്രം അണിഞ്ഞാണ് പ്രതി കൃത്യം നടത്താന്‍ വന്നത്. മുഖത്ത് ചായം തേച്ചിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. ഇയാള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറിന്റെ ചിത്രവും രക്ഷപെടാന്‍ സ്വീകരിച്ച മാര്‍ഗവും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്തുര്‍ന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
2016 ല്‍ കൊലവിളി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഒരു ബന്ധുവിന്റെ പരാതിയില്‍ ക്രിമോയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ആറു കത്തികളും മറ്റു മാരകായുധങ്ങളും കണ്ടെടുത്തു. ആരും രേഖാമൂലം പരാതി നല്‍കാതിരുന്നതിനാല്‍ അറസ്റ്റുണ്ടായില്ല.
അതിനു ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പ്രതി വാങ്ങുന്നത്. നിയമപ്രകാരം തോക്ക് വാങ്ങാനുള്ള പ്രായം ആയിട്ടില്ലായിരുന്നതിനാല്‍ പിതാവിന്റെ ശുപാര്‍ശ കത്തും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ചാണ് തോക്ക് സ്വന്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ക്രിമോയുടെ മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍ നിന്നാണ് പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായുള്ള വിവരങ്ങള്‍ കിട്ടിയത്. അതേസമയം മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമാണ് അവര്‍.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 14 നും 70 നും ഇടയില്‍ പ്രായമുള്ള ഒമ്പത് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുപ്പതിലേറെ പേര്‍ പ്രാഥമിക ചികിത്സ നേടിയ ശേഷം ആശുപത്രി വിട്ടു.
സംഭവ സ്ഥലം വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദര്‍ശിച്ചു. തോക്ക് നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും തോക്ക് അക്രമം എവിടെയും സംഭവിക്കാം എന്നതില്‍ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.
ഏറെ കാലം നീണ്ടു നില്‍ക്കുന്ന ആഘാതമാണിത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിലും വേദനയിലും പങ്കുചേരുന്നു. സര്‍ക്കാര്‍ എന്നും അവരോടൊപ്പം ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഹൈലാന്‍ഡ് പാര്‍ക്ക് മേയര്‍ നാന്‍സി റോട്ടറിംഗ്, യുഎസ് പ്രതിനിധി ബ്രാഡ് ഷ്‌നൈഡര്‍, സ്റ്റേറ്റ് സെനറ്റര്‍ ജൂലി മോറിസണ്‍ എന്നിവരും ഹാരിസിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ 186 ദിവസങ്ങളില്‍ അമേരിക്കയില്‍ മുന്നൂറിലേറെ കൂട്ട വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് സമാഹരിച്ച ഡാറ്റയില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.