മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം: എട്ടു മിനിറ്റില്‍ സഭ പിരിഞ്ഞു; അസാധാരണ സംഭവം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം: എട്ടു മിനിറ്റില്‍ സഭ പിരിഞ്ഞു; അസാധാരണ സംഭവം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ച്. ചോദ്യോത്തര വേള തുടങ്ങി എട്ട് മിനിറ്റുകള്‍ക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. തുടര്‍ന്ന് ധനാ അഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിക്കുകയായിരുന്നു.

സഭ തുടങ്ങിയ ഉടന്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ്‌വഴക്കം അതല്ലല്ലോ എന്ന് സ്പീക്കര്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികള്‍ക്കിടെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചത്.

'ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം' തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്.

ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് അവസരം നല്‍കാതെ നിയമസഭ പിരിയുന്നത് അപൂര്‍വമാണ്. അതേസമയം പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചതുമില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി.

തുടര്‍ന്ന് നിയമസഭാ വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശില്‍പ്പിയുടെ ഫോട്ടോ ഉയര്‍ത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആര്‍എസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തില്‍ പറയാന്‍ ആരാണ് സജി ചെറിയാന് ധൈര്യം നല്‍കിയതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

എന്നാല്‍ ഇത് അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം. 2001 ഒക്ടോബറില്‍ മൂന്നു തവണയും 2007ലും 2013ലും ഇത്തരത്തില്‍ ചോദ്യോത്തരവേള പൂര്‍ത്തിയാക്കാതെ സഭ നിര്‍ത്തിവച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. എന്നാല്‍ ഈ സാഹചര്യങ്ങളിലെല്ലാം നിയമസഭ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പ്രതിപക്ഷ ബഹളം എത്തിയിരുന്നു. ഇത്തവണ അത്തരം ഒരു സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സഭ പിരിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.