നാല് ദിവസമായിട്ടും സെര്‍വര്‍ തകരാറിന് പരിഹാരമില്ല; ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ പൂര്‍ണമായും നിലച്ചു

നാല് ദിവസമായിട്ടും സെര്‍വര്‍ തകരാറിന് പരിഹാരമില്ല; ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ പൂര്‍ണമായും നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി കൈമാറ്റ രജിസ്‌ട്രേഷന്‍ സ്തംഭിച്ചിട്ട് നാലു ദിവസമായിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍. സെര്‍വറിലെ തകരാര്‍ മൂലമാണ് ഭൂമി കൈമാറ്റ രജിസ്‌ട്രേഷന്‍ പൂര്‍ണമായും നിലച്ചത്.

ഭൂമി കൈമാറ്റ രജിസ്‌ട്രേഷന്‍, ഗഹാന്‍ രജിസ്‌ട്രേഷന്‍ എന്നിവ സ്തംഭിച്ചു. ബാധ്യത സര്‍ട്ടിഫിക്കറ്റിനും ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പിക്കും അപേക്ഷ നല്‍കാന്‍പോലും കഴിയുന്നില്ല. ഒരു മാസത്തിലേറെയായി തുടരുന്ന പ്രശ്‌നം നാലുദിവസം മുമ്പാണ് സങ്കീര്‍ണമായത്.

സെര്‍വര്‍ തകരാര്‍ നിമിത്തം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആധാരങ്ങളുടെ രജിസ്‌ട്രേഷനും തടസ്സപ്പെട്ടു. ഭൂമി ഈട് വെച്ച് ബാങ്ക് വായ്പ എടുക്കേണ്ടവരും വായ്പ അടച്ചവര്‍ ബാധ്യത തീര്‍ക്കാനാകാതെയും പണം കൈമാറിയവര്‍ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനാകാതെയും വലയുകയാണ്.

ഒന്നിലേറെ തവണ ഫീസ് ഒടുക്കേണ്ടിവന്നിട്ടും സെര്‍വര്‍ തകരാര്‍ നിമിത്തം രജിസ്‌ട്രേഷന്‍ നടക്കാത്ത നിരവധി സംഭവങ്ങളുണ്ട്. മുദ്രപത്രത്തില്‍ ആധാരം എഴുതി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തശേഷം ഓണ്‍ലൈന്‍ വഴിയോ ട്രഷറിയിലൂടെയോ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചശേഷമാണ് ഇടപാടുകാര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെത്തുന്നത്.

സെര്‍വര്‍ തകരാറായിരുന്നു രജിസ്‌ട്രേഷന് ആദ്യപ്രശ്‌നം. നാലുദിവസമായി ആധാരം എഴുതിയശേഷം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാനും സാധിക്കുന്നില്ല. രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണം കൂടുതലെന്ന അറിയിപ്പാണ് സൈറ്റില്‍ ലഭിക്കുന്നത്. പലരും ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.