സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം, ന്യായീകരിക്കാനാവില്ല; കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകും: സിപിഐ

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം, ന്യായീകരിക്കാനാവില്ല; കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകും: സിപിഐ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ വിമര്‍ശനവുമായി സിപിഐ. ഭരണഘടനയ്ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിയുടെ പ്രസ്താവന ന്യായീകരിക്കാനാവില്ല. പ്രസ്താവന ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് തിരിച്ചടിയാവുമെന്നും നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ സിപിഐ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

എന്നാല്‍ മന്ത്രിയുടേത് നാക്കുപിഴയാണെന്ന നിലപാടാണ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കുള്ളത്. അതിനാല്‍ സജി ചെറിയാന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് യുഡിഎഫും ബിജെപിയും ഉയര്‍ത്തിയിരിക്കുന്നത്. ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

മല്ലപ്പള്ളിയില്‍ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്‌ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്തയായതോടെ സംഭവം വിവാദമാവുകയും പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തു വരികയും ചെയ്തു.

മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.