വിറ്റാമിന്‍ ഡി നല്ലത്; അമിതമായാല്‍ അത്യന്തം ഹാനീകരവും

വിറ്റാമിന്‍ ഡി നല്ലത്; അമിതമായാല്‍ അത്യന്തം ഹാനീകരവും

          രോഗ്യമുള്ള ശരീരത്തിന് ഏറെ ആവശ്യമുള്ള ന്യൂട്രിയന്റാണ് വിറ്റാമിന്‍ ഡി. ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശക്തി കൂട്ടാനുമെല്ലാം വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം അത്യാവശ്യമാണ്. സൂര്യപ്രകാശം ആണ് വിറ്റാമിന്‍ ഡി ലഭിക്കാനുള്ള ഒരു പ്രധാന സ്രോതസ്.

എന്നാല്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുന്നവര്‍ക്കും ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമൊക്കെ സൂര്യ പ്രകാശത്തില്‍ നിന്നുള്ള വിറ്റാമിന്‍ ഡി ലഭിക്കണമെന്നില്ല. ഇത്തരം ആളുകള്‍ വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ വൈറ്റമിന്‍ ടാബ്‌ലെറ്റുകള്‍ ഉപയോഗിക്കുകയോ വേണ്ടിവരും.

വൈറ്റമിന്‍ ഗുളികകളുടെ ഉപയോഗം ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുമെങ്കിലും അമിതമായാല്‍ അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കുമെന്നും ചിലപ്പോള്‍ മരണത്തില്‍ വരെ എത്തിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.



ഓസ്ട്രേലിയയില്‍ നാലിലൊന്ന് ആളുകള്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടെന്നാണ് പഠനം. സമീകൃത ആഹാരത്തില്‍ നിന്ന് വൈറ്റമിനുകള്‍ മതിയായ ആളവില്‍ ലഭിക്കുമെങ്കിലും വിറ്റാമിന്‍ ഡി പക്ഷെ വേണ്ടത്ര കിട്ടില്ലെന്ന് പോഷകാഹാര വിദഗ്ദ്ധയായ എലീന ഹൈപ്പോനെന്‍ പറഞ്ഞു. ഇത് പരിഹരിക്കാനുള്ള സാധാരണ മാര്‍ഗമാണ് വിറ്റാമിന്‍ ഡി ഗുളികകള്‍ കഴിക്കുകയെന്നത്. എന്നാല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ പൊതുവെ സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു.

യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്റെ നിര്‍ദേശം അനുസരിച്ച് വിറ്റാമിന്‍ ഡി കഴിക്കുന്നതിനുള്ള സുരക്ഷിതമായ ഉയര്‍ന്ന പരിധിയെന്നത് 100 മൈക്രോഗ്രാം ആണ്. എന്നിരുന്നാലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കുറഞ്ഞ കാലയളവില്‍ ഉയര്‍ന്ന ഡോസുകള്‍ ചിലപ്പോള്‍ നല്‍കാറുണ്ട്.

ഉയര്‍ന്ന അളവില്‍ പതിവായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നവരില്‍ രക്തത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടുകയും ഹൈപ്പര്‍ കാല്‍സീമിയ എന്ന വിഷബാധിത അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യും. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ശരീരഭാരം കുറയ്ക്കല്‍, അമിത ദാഹം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മാത്രമല്ല വൃക്ക പ്രശ്‌നങ്ങള്‍, അസ്ഥി പൊടിയുന്ന അവസ്ഥ, ധമനി വീക്കം തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.



കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടില്‍ ഒരു മധ്യവയസ്‌കനെ അമിത വൈറ്റമിന്‍ ഡി ഗുളികയുടെ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയുണ്ടായി. ഹൈപ്പര്‍വിറ്റമിനോസിസ് ഡി വൈറ്റമിന്‍ എന്ന അപൂര്‍വ രോഗാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ വൈറ്റമിന്‍ ഗുളികകളില്‍ കഴിച്ചതായിരുന്നു കാരണം.

വൈറ്റമിന്‍ ഡി ഉള്‍പ്പടെ 20 ഓളം സ്പ്ലിമെന്റുകളാണ് ദിവസവും കഴിച്ചിരുന്നത്. അത് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിലും 400 മടങ്ങ് വരെ കൂടുതലായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ കഠിനമായ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, വര്‍ധിച്ച ദാഹം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായി. ശരീര ഭാരം 13 കിലോ കുറയുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വൈറ്റമിന്‍ ഡി ഗുളികള്‍ കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കുമെന്ന തെറ്റിധാരണയിലാണ് അമിത അളവില്‍ മരുന്ന് കഴിച്ചതെന്ന് ഇദ്ദേഹം ഡോക്ടറോട് പറഞ്ഞു. ഡിസ്ചാര്‍ജ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തിലെ കാല്‍സ്യം അളവ് സാധാരണ നിലയിലേക്ക് മടങ്ങി. എന്നാല്‍ വിറ്റാമിന്‍ ഡി അളവ് അപ്പോഴും ഉയര്‍ന്ന നിലയിലായിരുന്നു. ആറാഴ്ച മുമ്പ് ഡോ. അല്‍കാഡിയും സംഘവും അദ്ദേഹത്തെ പരിശോധനാ വിധേയമാക്കിയപ്പോള്‍ ശാരീരികാവസ്ഥ സാധാരണ നിലയിലായതായി കണ്ടു.



സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്നത് സാങ്കേതികമായി വിറ്റാമിനാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോ. അല്‍കാഡി പറയുന്നു. സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ഒരു പ്രോഹോര്‍മോണ്‍ പരിവര്‍ത്തനമാണ് സംഭവിക്കുന്നത്. അതായത് ശരീരത്തിലെത്തുന്ന സൂര്യ പ്രകാശത്തില്‍ നിന്നുള്ള ഘടകങ്ങള്‍ ശരീരത്തില്‍ ഒരു ഹോര്‍മോണായി പരിവര്‍ത്തനം ചെയ്യപ്പെടും. ഇത് എല്ലുകളുടെയു പേശികളുടെയും ആരോഗ്യത്തിന് സഹായകമാകുകയും ചെയ്യും.

കൊഴുപ്പുള്ള മത്സ്യം, കൂണ്‍, ഫോര്‍ട്ടിഫൈഡ് പാല്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. ശരീരത്തിന് എത്ര അളവ് വിറ്റാമിന്‍ ഡി ആവശ്യമുണ്ട് എന്നത് പ്രായത്തെ അനുസരിച്ചാണ് കണക്കാക്കുന്നത്. പ്രായം കൂടും തോറും കൂടുതല്‍ വിറ്റാമിന്‍ ഡി ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.


വിറ്റാമിന്‍ ഡിയെ കൂടുതല്‍ ആളുകള്‍ ഒരു ഉത്തേജനമായി ആശ്രയിക്കുന്നതിനാല്‍ വിറ്റാമിന്‍ ഡി ഗുളികകളുടെ ഉപയോഗം കൂടുതല്‍ സാധാരണമാണ്. അമേരിക്കയില്‍ 40,000 ആളുകളില്‍ 2017 ല്‍ നടത്തിയ ഒരു പഠനത്തില്‍, 1,000 ഐയു അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിറ്റാമിന്‍ ഡി കഴിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം പേരും ദിവസവും 1,000 ഐയു വില്‍ കൂടുതല്‍ വിറ്റാമിന്‍ ഡി ഗുളിക കഴിക്കുന്നവരാണ്. മൂന്ന ശതമാനം പേര്‍ പ്രതിദിനം 4,000 ഐയു വില്‍ കൂടുതല്‍ കഴിക്കുന്നവരും. 2019 ല്‍, യുകെയിലെ ഒരു പ്രായമായ സ്ത്രീ ഓരോ ദിവസവും 40,000 ഇയു അലവില്‍ വിറ്റാമിന്‍ ഡി കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.