സജി ചെറിയാന്റെ രാജി: അന്തിമ തീരുമാനം നാളത്തെ സിപിഎം സെക്രട്ടറിയേറ്റില്‍; കേന്ദ്ര നേതൃത്വത്തിനും അതൃപ്തി

സജി ചെറിയാന്റെ രാജി: അന്തിമ തീരുമാനം നാളത്തെ സിപിഎം സെക്രട്ടറിയേറ്റില്‍; കേന്ദ്ര നേതൃത്വത്തിനും അതൃപ്തി

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി സജി ചെറിയാന്റെ ഭാവി നാളെയറിയാം. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുന്ന സാഹചര്യത്തില്‍ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനം നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വത്തോട് വിവരം തേടിയെന്നും ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന അവയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന പ്രവര്‍ത്തിയായിരുന്നെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

കോടതിയില്‍ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടതകായും വിവരമുണ്ട്.

എന്നാല്‍ താന്‍ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് സജി ചെറിയാന്‍ ആവര്‍ത്തിക്കുന്നത്. രാജി വയ്ക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തേക്കു വന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ നടന്ന പൊതുപരിപാടിയില്‍ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു മന്ത്രി പറഞ്ഞത്. വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പരാതി നല്‍കുകയും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.