ഫൊക്കാനയുടെ ഒർലാണ്ടോ സാഹിത്യസമ്മേളനം ചരിത്രമാകും; ഡോ. പ്രമീളാദേവി മുഖ്യാതിഥി

ഫൊക്കാനയുടെ ഒർലാണ്ടോ സാഹിത്യസമ്മേളനം ചരിത്രമാകും; ഡോ. പ്രമീളാദേവി മുഖ്യാതിഥി

ഫ്ലോറിഡ: ചരിതസംഭവമായി മാറിയേക്കാവുന്ന ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിൽ പ്രമുഖ ദ്വിഭാഷ പണ്ഡിതയും സാഹിത്യകാരിയും അധ്യാപികയുമായ ഡോ. പ്രമീളാദേവി മുഖ്യ അതിഥിയായിരിക്കും. നിരവധി സാഹിത്യ പുരസ്ക്കാരങ്ങൾ പത്ര സമ്മേളനം നടത്തി സാഹിത്യ അക്കാദമിയുടെ അവാർഡ് പ്രഖ്യാപന രീതിപോലെ അവാർഡ് പ്രഖ്യാപനം നടത്തിയ ഫൊക്കാനയെ അമേരിക്കയിലെ ഭാഷാസ്നേഹികൾ അനുമോദിക്കുകയാണ്. ഭാഷയോടും സാഹിത്യത്തോടും സാഹിത്യകാരന്മാരോടും കാണിക്കുന്ന ഈ ആദരവ് തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.
പ്രമുഖ എഴുത്തുകാരനും അഭിഭാഷകനുമായ മുരളി ജെ. നായർ (ചെയർമാൻ), ഗീത ജോർജ്ജ് (കോഓർഡിനേറ്റർ), കോരസൺ വർഗീസ്, ബെന്നി കുര്യൻ (കോ- കോഓർഡിനേറ്റർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സമ്മേളനത്തിന്റെ ചുക്കാന്‍പിടിക്കുന്നത്.
വളരെ ശ്രമകരമായ ഇടപെടലുകളോടെ ദീർഘനാളത്തെ പരിശ്രമത്തിന്റെ ഭാഗമായാണ് നോർത്ത് അമേരിക്കൻ മലയാള സാഹിത്യകാരെ കണ്ടെത്തി അംഗീകരിക്കാൻ ഫൊക്കാന മുന്നിട്ടിറങ്ങിയത്. പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. കോശി തലക്കൽ അദ്ധ്യക്ഷനായുള്ള അവാർഡ് നിർണ്ണയ കമ്മിറ്റി അനേകം പുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും  കൃത്യമായി അടയാളപ്പെടുത്തുകയും ഉണ്ടായി. ഫൊക്കാന അവാർഡ് ജേതാക്കളുടെ സാന്നിധ്യം സാഹിത്യവേദിയെ ധന്യമാക്കും.
ഇക്കുറി സാഹിത്യ അവാർഡുകൾക്കായി  അമേരിക്കയിലെയും കാനഡയിലെയും സാഹിത്യകാരന്മാരുടെ സൃഷ്ട്ടികൾ മാത്രമാണ് ഫൊക്കാന പരിഗണിച്ചത്. സംഘടകരെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധം അനേകം എഴുത്തുകാരുടെ  പുസ്തകങ്ങളാണ്  അവാർഡിന് പരിഗണിക്കാനായി ലഭിച്ചത്. ഇത്രയേറെ എഴുത്തുകാർ ഇവിടേയുണ്ടെന്ന്  പുതിയൊരിവായിരുന്നു. മലയാളക്കരയിൽ നിന്നും ഏഴാംകടൽ കടന്നു മറ്റൊരു മലയാള സംസ്കൃതി രൂപപ്പെടുന്നതിന്റെ സാക്ഷാത്ക്കാരത്തിലാണ് ഫൊക്കാന സാഹിത്യവേദിയിൽ അണിഞ്ഞൊരുങ്ങുന്നത്.
ഇത്തവണത്തെ ഫൊക്കാന സാഹിത്യസമ്മേളനത്തെ അനശ്വരമാക്കാൻ കടന്നുവരുന്ന ഒരു കൂട്ടം ഭാഷാസ്നേഹികൾ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ സമ്മേളിക്കുന്നത് പുതിയ ഒരു ചരിത്രം രേഖപ്പെടുത്തുവാൻ തന്നെയായിരിക്കും. അതിരുകൾ ഭേദിച്ച് മലയാളഭാഷയെ ലോകത്തിന്റെ അറിയാത്ത ഇടങ്ങളിലേക്ക് കടന്നുചെല്ലാൻ തയ്യാറാക്കുന്ന ഒരു വിക്ഷേപണ സ്ഥലം തന്നെയാകും ഒർലാണ്ടോ സമ്മേളനം എന്ന് സംഘാടകർ കണക്കുകൂട്ടുന്നു.
ഭാഷാന്തരം, കേവലം ഒരു പദപ്രയോഗം മാത്രമല്ല, ആശയങ്ങളും ആവിഷ്കാരങ്ങളും ചെറിയ മലയാളഭൂമികയിൽ നിന്നും പറന്നുയർന്നു ചക്രവാളങ്ങളെ ഭേദിക്കുവാൻ ഭാഷയെ സജ്ജമാക്കുക എന്ന ധന്യമായ ദൗത്യം ആണ് ഈ സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്. മറ്റു ഭാഷകളിലേക്ക് മലയാള സാഹിത്യം വിവർത്തനം നടത്തപ്പെടുവാനുള്ള വെല്ലുവിളികൾ എന്തൊക്കെയാണ് , ആധുനിക സാങ്കേതികതകളുടെ സാന്നിധ്യത്തോടെ ഒരേ സമയം ലോകത്തിലെവിടെയും മലയാളത്തിന്റെ തനതായ സാഹിത്യം ആസ്വദിക്കപ്പെടുവാനുള്ള സാഹചര്യം അറിവുകൾ കണ്ടെത്തലുകൾ ഒക്കെയാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത്.
ഫൊക്കാന സാഹിത്യ സമ്മേളനത്തിലെ മുഘ്യഅതിഥി ഡോ. പ്രമീള ദേവി ഒരു ദ്വിഭാഷാ എഴുത്തുകാരിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം എഴുതുന്ന ഡോ. പ്രമീള ദേവി 1995ലാണ് തന്റെ ആദ്യ കൃതിയായ 'നിഷാദം' എന്ന കവിതാസമാഹാരം പുറത്തിറക്കുന്നത്. പിന്നീട് 1999-ൽ 'രാമേശ്വരം കടൽ', 2003-ൽ 'വടക വീട്ടിലെ സന്ധ്യ', 2006-ൽ 'നടകാന്തം', 2013-ൽ 'അവിടുത്തെ ഹിതം' എന്നീ പുസ്തകങ്ങളും പുറത്തിറക്കി.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് നൂറിലധികം ക്ലാസിക്കുകൾ ഡോ.പ്രമീള വിവർത്തനം ചെയ്തിട്ടുണ്ട്, അവയിൽ ഏറ്റവും ശ്രദ്ധേയമായവ ഉൾപ്പെടുന്നു, ഫിലോകാലിയ, 4-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു ക്രിസ്ത്യൻ ദാർശനിക ഗ്രന്ഥം. ഫിലോകാലിയയുടെ വിവർത്തനം എന്ന ഒരു ചരിത്ര കൃതിയായിരുന്നു, കാരണം അത് വളരെ ഗഹനവും വിവേകപൂർണ്ണവുമായിരുന്നു. സാമൂഹിക നവീകരണം, മതം, ആത്മീയത, തത്ത്വചിന്തയും ധാർമ്മികതയും, വിദ്യാഭ്യാസവും തൊഴിൽ മാർഗനിർദേശവും, സ്ത്രീശാക്തീകരണം, യുവജന പ്രചോദനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ 15,000-ലധികം പ്രഭാഷണങ്ങൾ അവർ ഇതുവരെ നടത്തി.
2012-ൽ കേരള വനിതാ കമ്മീഷൻ അംഗം. ആയിരം, മൈ ഗോഡ്, ജോമോന്റെ സുവിശേഷം തുടങ്ങി അഞ്ചു ചിത്രങ്ങളിൽ വേഷം ഇട്ടു. നിലവിൽ ബി. ജെ. പി യുടെ കേരളാ ഘടകത്തിന്റെ വൈസ് പ്രസിഡന്റ്. ചില ഷോർട്ട് മൂവിസ് തിരക്കഥയും സംവിധാനവും ചെയ്തു. കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം, ഗുജറാത്തിലെ അത്ഭുതമായി  മാറിയ അമുൽ വർഗീസ് കുര്യന്റെ ആത്മകഥ പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ റിവേഴ്‌സ് ഡിക്ഷനറിയുടെ ചീഫ് എഡിറ്റർ, യൂണിവേഴ്സിറ്റി ഡോക്ടറൽ ഗൈഡ്, യുണൈറ്റഡ് നേഷൻസ് സമാധാന പുനഃസ്ഥാപന കമ്മിറ്റി അംഗം തുടങ്ങി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

ഡോ. പ്രമീളാദേവിയുമായി കോരസൺ നടത്തുന്ന സംഭാഷണം വാൽകണ്ണാടിയിൽ കാണുക.
VALKKANNADI Ep-28 Dr. Prameela Devi, Video-1വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.