കണ്ണൂര്‍: കേരളത്തിലെ ആദ്യ വൃക്ക ദാതാവ് നാരായണി അന്തരിച്ചു. അവയവദാനം അത്ര പരിചിതമല്ലാത്ത കാലത്ത് തന്റെ അനുജന് വൃക്ക ദാനം നല്‍കിയ മയ്യില്‍ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണിയാണ് 100ാം വയസില്‍ വിടവാങ്ങിയത്. കേരളത്തിലെ ആദ്യ വൃക്ക ദാതാവായി അറിയപ്പെടുന്ന നാരായണി 41 വര്‍ഷം മുമ്പാണ് ഇരുവൃക്കയും തകരാറിലായി മരണത്തോട് മല്ലടിച്ച സഹോദരന്‍ പി.പി കുഞ്ഞിക്കണ്ണന് വൃക്ക നല്‍കിയത്.
കുഞ്ഞനുജന്റെ പുഞ്ചിരി എന്നും കാണണമെന്ന ചിന്തയാണ് തന്റെ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്ന് പറഞ്ഞത്.
1982ലാണ് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സഹോദരങ്ങള്‍ നാലു പേര്‍ വേറെ ഉണ്ടായിരുന്നെങ്കിലും രക്ത ഗ്രൂപ്പുകള്‍ യോജിച്ചില്ല. ഇതോടെയാണ് കുഞ്ഞിക്കണ്ണനേക്കാള്‍ 20 വയസിന് മൂത്ത നാരായണി വൃക്ക നല്‍കാന്‍ തയാറായത്. കേരളത്തില്‍ അപൂര്‍വമായിരുന്ന ശസ്ത്രക്രിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്റെയും പ്രത്യേക ഇടപെടലോടെയാണ് നടത്തിയത്.
കുഞ്ഞിക്കണ്ണന്‍ 10 വര്‍ഷം മുമ്പ് മരിച്ചു. പരേതനായ ഗോവിന്ദനാണ് നാരായണിയുടെ ഭര്‍ത്താവ്. മക്കള്‍: ചന്ദ്രിക, പരേതരായ ശാന്ത (കുറ്റിക്കോല്‍), ദാമോദരന്‍, സുമതി.
മറ്റ് സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, നാരായണന്‍, കുഞ്ഞിരാമന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടക്കൈപറമ്പ് ശാന്തി വനത്തില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.