ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് ജീവിത സഖിയായി ഇനി ഡോക്ടര്‍ ഗുര്‍പ്രീത് കൗര്‍. നാല്‍പ്പത്തെട്ടുകാരനായ ഭഗവന്ത് മാനും മുപ്പത്തിരണ്ടുകാരിയായ ഗുര്‍പ്രീത് കൗറും തമ്മിലുള്ള വിവാഹം ചണ്ഡീഗഡലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും എ.എ.പി എം.പി രാഘവ് ഛദ്ദയും അടക്കമുള്ളവര്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങള്‍ എ.എ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
കരാഹി പനീര്‍, തന്തൂരി കുല്‍ച്ചെ, ദാല്‍ മഖാനി, നവരതന്‍ ബിരിയാണി എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍, ഇറ്റാലിയന്‍ വിഭവങ്ങളാണ് വിവാഹസദ്യയുടെ മെനുവില്‍ ഉണ്ടായിരുന്നത്. ഹരിയാനയിലെ പെഹോവ സ്വദേശിനിയാണ് ഗുര്‍പ്രീത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പു എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അവര്‍ അറിയപ്പെടുന്നത് ഗോപി എന്ന പേരിലാണ്.
പിതാവ് ഇന്ദ്രജിത് സിങ് നട്ട് പഞ്ചാബിലെ മദന്‍പുര്‍ ഗ്രാമത്തിലെ സര്‍പഞ്ച് ആയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ കുടുംബം മൊഹാലിയില്‍ പുതിയ വീട്ടിലേക്ക് മാറിയത്.
ഗുര്‍പ്രീതിന്റെ അമ്മാവന്‍ ഗുര്‍ജിന്ദര്‍ സിങ് നട്ട് എ.എ.പി അംഗമാണ്. ഇരുവരുടേയും കുടുംബങ്ങള്‍ക്ക് നാലു വര്‍ഷത്തോളമായി പരസ്പരം അറിയാമെന്നും ഭഗവന്തിന്റെ അമ്മയും സഹോദരിയുമാണ് ഗുര്‍പ്രീതിനെ വധുവായി കണ്ടെത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭഗവന്ത് മാനിനൊപ്പം ഗുര്‍പ്രീതും പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെ തന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗുര്‍പ്രീത് 'ശുഭദിനം വന്നിരിക്കുന്നു' എന്നു കുറിച്ചു.
ഭഗവന്ത് മാനിന്റെ രണ്ടാം വിവാഹമാണിത്. ആറ് വര്‍ഷം മുന്‍പാണ് ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ ഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം. കഴിഞ്ഞ ജനുവരിയില്‍ ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ എത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി ഭഗവന്തിന്റെ ചണ്ഡീഗഡിലെ വീടിന് മുന്നില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.