ഹോളിവുഡ് താരം ജെയിംസ് കാന്‍ അന്തരിച്ചു

ഹോളിവുഡ് താരം ജെയിംസ് കാന്‍ അന്തരിച്ചു

ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു. 82 വയസായിരുന്നു. 'ദി ഗോഡ്ഫാദര്‍' സിനിമയിലെ ഗ്യാങ്സ്റ്റര്‍ 'സോണി കോര്‍ലിയോണ്‍' എന്ന കഥാപാത്രത്തിലൂടെയാണ് കാന്‍ ശ്രദ്ധേയനായത്. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. അതേസമയം മരണകാരണം ഔദ്യോഗിക പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല.

ബ്രയാന്‍സ് സോംഗ് (1971), സിന്‍ഡ്രെല്ല ലിബര്‍ട്ടി (1973), ദി ഗാംബ്ലര്‍ (1974), റോളര്‍ബോള്‍ (1975), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977), അലന്‍ ജെ. പകുലയുടെ കംസ് എ ഹോഴ്സ്മാന്‍ (1978) തുടങ്ങിയ ചിത്രങ്ങളില്‍ കാന്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തീഫ് (1981), ഗാര്‍ഡന്‍സ് ഓഫ് സ്റ്റോണ്‍ (1987), മിസറി (1990), ഡിക്ക് ട്രേസി (1990), ബോട്ടില്‍ റോക്കറ്റ് (1996), ദി യാര്‍ഡ്സ് (2000), ഡോഗ്വില്ലെ (2003), എല്‍ഫ് (2003) എന്നീ സിനിമകളുടെ ഭാഗമായി.

ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, ഓസ്‌കാര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് ജെയിംസ് എഡ്മണ്ട് കാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. 1978-ല്‍ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍, മോഷന്‍ പിക്ചര്‍ സ്റ്റാറായി കാനെയാണ് തെരഞ്ഞെടുത്തത്.

1940ല്‍ ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സിലാണ് ജയിംസ് കാനിന്റെ ജനനം. സോഫി, ആര്‍തര്‍ കാന്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളുണ്ട്. പിതാവിന് കശാപ്പായിരുന്നു തൊഴില്‍. ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഫുട്ബോളിനോടായിരുന്നു ജയിംസ് കാനിന് താല്‍പര്യം. ന്യൂയോര്‍ക്കിലെ ഹൊഫ്‌സ്ത്ര സര്‍വ്വകലാശാലയിലെ പഠനകാലത്ത് അഭിനത്തിലെത്തി. തുടര്‍ന്ന് പ്ലേഹൗസ് സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോള്‍ഡ്മാന്റെ നാടകത്തില്‍ അഭിനയിച്ചാണ് കലാജീവിതം ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.