പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ തന്നെ മൂന്ന് അലോട്ട്‌മെന്റുകള്‍

 പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ തന്നെ മൂന്ന് അലോട്ട്‌മെന്റുകള്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രെയല്‍ അലോട്ട്മെന്റ് നടക്കും.

ആദ്യ അലോട്ട്മെന്റ് ജൂലൈ 27നായിരിക്കും. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 11നും നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷന്‍ നല്‍കി ആഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാവുമെന്നാണ് വിലയിരുത്തല്‍. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2022 സെപ്തംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

പ്ലസ് വണ്‍ അഡ്മിഷന് മുന്നോടിയായി ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നടപ്പാക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നടപ്പാക്കും.

സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍

സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും. ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

പ്രധാന മാറ്റങ്ങള്‍


അക്കാഡമിക് മികവിന് മുന്‍ തൂക്കം നല്‍കുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നു.

1. നീന്തല്‍ അറിവിനു നല്‍കി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.

2. ഓരോ വിദ്യാര്‍ത്ഥിയുടേയും W G P A (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. WGPA സൂത്രവാക്യത്തില്‍ ആദ്യഭാഗം അക്കാഡമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. WGPA ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകര്‍ക്ക് തുല്യ പോയിന്റ് ലഭിച്ചാല്‍ W G P A സൂത്രവാക്യത്തില്‍ ആദ്യഭാഗം കൂടുതല്‍ ഉള്ളത് റാങ്കില്‍ മുന്നില്‍ ഉള്‍പ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.

3. ടൈ ബ്രേക്കിങിന് എന്‍.റ്റി.എസ്.ഇ. (നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷയിലെ) മികവിനൊപ്പം ഈ വര്‍ഷം പുതിയതായി എന്‍.എം.എം.എസ്.എസ്.ഇ (നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് സ്‌കീം പരീക്ഷ ), യു.എസ്.എസ്, എല്‍.എസ്.എസ്. പരീക്ഷകളിലെ മികവുകള്‍ കൂടി ഉള്‍പ്പെടുത്തി.

4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ധിപ്പിച്ചു.

5. മുഖ്യഘട്ടം മുതല്‍ തന്നെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവും താല്‍ക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.

6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്.

7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്.

ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്.

8. കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സെക്കന്‍ഡറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്.

9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല.

10. കഴിഞ്ഞ അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉള്‍പ്പടെ ആകെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകള്‍ ആണ് ഉള്ളത്.

ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകള്‍ ആണ് വി.എച്ച്. എസ്.ഇ യില്‍ ഉള്ളത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ് ) പ്രകാരമുള്ള 47 സ്‌കില്‍ കോഴ്‌സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളില്‍ നടപ്പിലാക്കുക. ഈ വര്‍ഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങള്‍ക്ക് പുറമെ പുതിയ മൂന്ന് എന്‍.എസ്.ക്യു.എഫ് കോഴ്‌സുകള്‍ കൂടി വി.എച്ച്. എസ്.ഇ യില്‍ ലഭ്യമാക്കുന്നതാണ്.

അവ ഇനി പറയുന്നവയാണ്

1. ലാബ് ടെക്‌നീഷ്യന്‍ റിസര്‍ച്ച് & ക്വാളിറ്റി കണ്ട്രോള്‍

2. ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍

3. കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ്

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏകജാലക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ് [email protected]

2022-23 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.