നിക്കരാഗ്വയില്‍നിന്ന് നാടു കടത്തപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിലെ കന്യാസ്ത്രീകള്‍ കോസ്റ്ററിക്കയിലേക്കു കാല്‍നടയായി പോകുന്നു
മനാഗ്വ (നിക്കരാഗ്വ): മദര്‍ തെരേസ ആരംഭിച്ച സന്യാസിനി സമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ 18 അംഗങ്ങളെ രാജ്യത്തുനിന്നു പുറത്താക്കി നിക്കരാഗ്വ സര്‍ക്കാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വിശുദ്ധിയോടെ നിര്‍വഹിച്ചുവന്നിരുന്ന കന്യാസ്ത്രീകളെ അതിര്‍ത്തി രാജ്യമായ കോസ്റ്റാറിക്കയിലേക്കു കാല്‍നടയായി നാടു കടത്തുകയും ചെയ്തു. ഏഴ് ഇന്ത്യന്‍ കന്യാസ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഈ നടപടി ലോകമൊട്ടാകെയുള്ള കാരുണ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മധ്യ അമേരിക്കന്‍ സോഷ്യലിസ്റ്റ് രാജ്യമായ നിക്കരാഗ്വ വര്‍ഷങ്ങളായി ഭരിക്കുന്നത് സാന്‍ഡിനിസ്റ്റ നാഷണല്‍ പാര്‍ട്ടി നേതാവായ ഡാനിയല്‍ ഒര്‍ട്ടേഗയാണ്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെയും നിക്കരാഗ്വയിലെ മറ്റ് 100 എന്‍.ജി.ഒകളുടെയും പിരിച്ചുവിടാന്‍ ജൂണ്‍ 29 ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം.
1988 മുതല്‍ ഇവിടത്തെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സന്യാസിനീസമൂഹം ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നഴ്‌സറികള്‍ എന്നിവ നടത്തിയിരുന്നു. വിദേശ സംഭാവന നിയമം കര്‍ശനമാക്കിയ നിക്കരാഗ്വ 2018നു ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വ, ഗ്രാനഡ എന്നീ നഗരങ്ങളിലെ ദരിദ്രര്‍ക്കിടയിലായിരുന്നു ഇവരുടെ സേവനം. ഇവിടെ നിന്നാണ് കന്യാസ്ത്രീകളെ അതിര്‍ത്തി രാജ്യമായ കോസ്റ്റാറിക്കയിലേക്കു കൊണ്ടുപോയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഇമിഗ്രേഷനും പോലീസും ചേര്‍ന്നാണ് 18 കന്യാസ്ത്രീകളെ അതിര്‍ത്തി കടത്തിയത്.
ഇന്ത്യക്കാരെ കൂടാതെ മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഗ്വാട്ടിമാല, നിക്കരാഗ്വ, സ്‌പെയിന്‍, ഇക്വഡോര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് മറ്റു കന്യാസ്ത്രീകള്‍.
നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ പരസ്യമായി എതിര്‍ത്തിരുന്നു. കലാപത്തിനു പ്രേരണ നല്‍കുന്നവരായാണ് കത്തോലിക്കരെ ഒര്‍ട്ടേഗ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാന്‍ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു.
അതേസമയം ഹൃദ്യമായ സ്വീകരണമാണ് അയല്‍രാജ്യമായ കോസ്റ്റാറിക്കയിലെ തിലറന്‍-ലൈബീരിയ രൂപതയിലെ ബിഷപ്പ് മാനുവല്‍ യൂജെനിയോ സലാസര്‍ മോറ കന്യാസ്ത്രീകള്‍ക്കായി ഒരുക്കിയത്.
'നിങ്ങളുടെ പാദങ്ങള്‍ ഈ മണ്ണില്‍ ചവിട്ടുന്നത് ഞങ്ങളുടെ തിലറന്‍-ലൈബീരിയ രൂപതയ്ക്ക് ഒരു ബഹുമതിയാണ് - ഫേസ്ബുക്കില്‍ സഭാധ്യക്ഷന്‍ സഹോദരിമാരെക്കുറിച്ച് എഴുതി.
'നിക്കരാഗ്വയിലെ സഭയ്ക്കും ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സഹോദരിമാരെ, ഈ ദേശത്തേക്കു സ്വാഗതം; നിങ്ങളെ സ്വീകരിക്കാന്‍ ഞങ്ങളുടെ രൂപതയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. നിങ്ങളുടെ മാതൃകയ്ക്കും അര്‍പ്പണബോധത്തിനും ഏറ്റവും ദരിദ്രരായിട്ടുള്ളവര്‍ക്കു വേണ്ടിയുള്ള സേവനത്തിനും നന്ദി - ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കല്‍ക്കട്ടയിലെ വിശുദ്ധ തെരേസയുടെ മധ്യസ്ഥതയ്ക്കായി പ്രാര്‍ഥിക്കാം. രാജാവായ ക്രിസ്തു നീണാള്‍ വാഴട്ടെ! - ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വേച്ഛാധിപത്യത്തിനെതിരേ നിലകൊള്ളുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രോ ട്രാന്‍സ്പരന്‍സി ആന്‍ഡ് ആന്റി കറപ്ഷന്‍ ഒബ്‌സര്‍വേറ്ററി അംഗം അറ്റോര്‍ണി മാര്‍ത്ത പട്രീഷ്യ മോളിന മോണ്ടിനെഗ്രോ പറഞ്ഞു.
കന്യാസ്ത്രീകള്‍ പരിചരിച്ചിരുന്ന പ്രായമായവരെയും നഴ്സിംഗ് ഹോമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അവര്‍ സുരക്ഷിതമായ കൈകളില്‍ തുടരുന്നുവെന്ന് അവര്‍ ഉറപ്പാക്കിയിട്ടാണ് പോയതെന്നും മാര്‍ത്ത പട്രീഷ്യ മോളിന പറഞ്ഞു.
പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഭരണത്തിന്‍ കീഴില്‍ നാല് വര്‍ഷത്തിനിടെ കരീബിയന്‍ രാജ്യമായ നിക്കാരഗ്വയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങളാണ്. മനാഗ്വ കത്തീഡ്രലിലെ തീപിടിത്തം ഉള്‍പ്പെടെ ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും നേരെയുണ്ടായ കൊടിയ പോലീസ് അതിക്രമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.
നിക്കാരഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന കത്തോലിക്കാ സഭ അഭിമുഖീകരിക്കേണ്ടി വന്നത് പകരംവയ്ക്കാനാകാത്ത പീഡനങ്ങളാണെന്ന് മാര്‍ത്ത പട്രീഷ്യ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്:
കരീബിയന്‍ രാജ്യമായ നിക്കാരഗ്വയില്‍ നാല് വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.