'മറ കെട്ടി' താലിബാന്‍ മോഡല്‍ ക്ലാസ്; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുജാഹിദ് വിസ്ഡം നടത്തിയ പരിപാടിക്കെതിരെ വ്യാപക പ്രതിഷേധം

'മറ കെട്ടി' താലിബാന്‍ മോഡല്‍ ക്ലാസ്; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുജാഹിദ് വിസ്ഡം നടത്തിയ പരിപാടിക്കെതിരെ വ്യാപക പ്രതിഷേധം

തൃശൂര്‍: ജെന്‍ഡര്‍ പൊളിറ്റിക്‌സ് വിഷയത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ മറകെട്ടി താലിബാന്‍ മോഡലില്‍ ക്ലാസെടുത്ത സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തില്‍ ധാര്‍മ്മികമായ തെറ്റില്ലെന്ന് സംഘാടകര്‍ പറയുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ജൂലൈ ആറിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്‌നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാര്‍ത്ഥി സംഘടന നേതാക്കളും, അണ്‍മാസ്‌കിങ് എത്തീയിസം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളുമായ ഡോക്ടര്‍ അബ്ദുല്ല ബാസില്‍, സുഹൈല്‍ റഷീദ് എന്നിവരാണ് ക്ലാസ് എടുത്തത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തി ലിംഗ വിവേചനത്തെ കുറിച്ച് എടുത്ത ക്ലാസിന്റെ ചിത്രം ഇയാള്‍ തന്നെയാണ് പങ്കുവച്ചത്. ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. ലിംഗ വേര്‍തിരിവില്ലാതെ മനുഷ്യരെ ചികിത്സിക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഈ ക്ലാസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാര്‍ത്ഥി നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തതും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും. മറകെട്ടിയ വിവാദം കത്തുമ്പോഴും അതിലൊരു തെറ്റുമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയനും പരിപാടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.