ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോഡി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി അഗാധമായ ദുഖം രേഖപ്പെടുത്തി. തന്റെ പ്രാര്‍ത്ഥനകള്‍ ഷിന്‍സോയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറെ വിളിച്ച് പ്രധാനമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിന്‍സോയുമായി സൗഹൃദത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നിരവധി ജപ്പാന്‍ കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.
പിന്നീട് 2014ല്‍ നരേന്ദ്രമോഡി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധിതി ഉള്‍പ്പടെ ഇന്ത്യയുടെ നിരവധി സുപ്രധാന വികസന ലക്ഷ്യങ്ങളില്‍ ജപ്പാന്‍ പിന്നീട് പങ്കാളി ആകുകയും ചെയ്തു.
ഇന്ത്യയുടെ പരമോന്നത സിവിലയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയും ഷിന്‍സോ ആബെയെ രാജ്യം ആദരിച്ചിട്ടുണ്ട്.
അതേസമയം ഷിന്‍സോയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ജപ്പാനില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ആബെയ്ക്ക് വെടിയേറ്റത്. അക്രമിയെ പൊലീസ് പിടികൂടി. മുന്‍ നാവികസേനാംഗമാണ് ആക്രമിയെന്നാണ് റിപ്പോര്‍ട്ട്. നെഞ്ചില്‍ വെടിയേറ്റ ആബെയുടെ നില അത്യധികം ഗുരുതരമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.