വിടപറഞ്ഞത് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാവ്; ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

വിടപറഞ്ഞത് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാവ്; ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ വിയോഗം ഇന്ത്യയ്ക്ക് വലിയ നഷ്ടം. ചൈനയുടെ പല നയങ്ങളെയും എതിര്‍ക്കുമ്പോഴും ഇന്ത്യയ്ക്ക് കറയില്ലാത്ത പിന്തുണ നല്‍കിയ ലോക നേതാവായിരുന്നു ആബേ. ആബേയുടെ അപ്രതീക്ഷിത മരണത്തില്‍ ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബേയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശേചന സന്ദേശത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ബന്ധം ആബേയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 2015 ല്‍ പ്രധാനമന്ത്രിയായ ശേഷം മോഡി ആബെയ്ക്ക് സ്വീകരണമൊരുക്കുകയും ചെയ്തു. ഇന്തോ-ജപ്പാന്‍ ബന്ധങ്ങളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബുദ്ധമതം ജപ്പാനില്‍ അവതരിപ്പിച്ച ആറാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റം ആരംഭിച്ചതായി പറയപ്പെടുന്നു.


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1949 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ടോക്യോയോയിലെ യുനോ മൃഗശാലയിലേക്ക് ഒരു ആനയെ സംഭാവന ചെയ്തു. യുദ്ധത്തിലെ പരാജയത്തില്‍ നിന്ന് കരകയറാത്ത ജാപ്പനീസ് ജനതയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ എന്ന രീതിയിലായിരുന്നു അത്.

പിന്നീട് ഇന്ത്യയും ജപ്പാനും സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും 1952 ഏപ്രില്‍ 28 ന് നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തു.രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം ജപ്പാന്‍ ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളില്‍ ഒന്നായിരുന്നു അത്.

2000 ഓഗസ്റ്റില്‍ പ്രധാനമന്ത്രി യോഷിറോ മോറിയുടെ ഇന്ത്യാ സന്ദര്‍ശനം ജപ്പാന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടി. മോറിയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള പങ്കാളിത്തം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു.

2005 ഏപ്രിലില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ജപ്പാന്‍-ഇന്ത്യ വാര്‍ഷിക ഉച്ചകോടി യോഗങ്ങള്‍ നടന്നു. 2006 ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജപ്പാന്‍ സന്ദര്‍ശിച്ചു.

2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത് കാരണമായി. 2015 ഡിസംബറില്‍ ആബെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2016 നവംബറില്‍ മോഡി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. 2018 ഒക്ടോബറില്‍ മോഡിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ 'സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധ' മെന്നാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തെ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.