ബഫര്‍ സോണ്‍: കേന്ദ്രം മുഖം തിരിക്കുന്നുവെന്ന് കേരളം; ചീഫ് സെക്രട്ടറി ഇതുവരെ വന്ന് കണ്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

ബഫര്‍ സോണ്‍: കേന്ദ്രം മുഖം തിരിക്കുന്നുവെന്ന് കേരളം; ചീഫ് സെക്രട്ടറി ഇതുവരെ വന്ന് കണ്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്ന ആരോപണവുമായി കേരളം. സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് കേന്ദ്ര നിലപാട്. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടരുകയാണ്. വിധി മറികടക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നത് അടക്കമുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ ആശങ്കകള്‍ പരിഹരിക്കുമെന്ന് പറയുമ്പോഴും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടികാഴ്ചയ്ക്ക് കേന്ദ്രം തയ്യാറാകുന്നില്ല എന്ന് കേരളം വ്യക്തമാക്കുന്നു.

അതേസമയം കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം. ബഫര്‍ സോണ്‍ വിധി സംസ്ഥാനത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയര്‍ത്തുമ്പോള്‍ വിഷയം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും.

പശ്ചിമഘട്ട കരട് വിജ്ഞാപനുമായി ബന്ധപ്പട്ട് ചീഫ് സെക്രട്ടറിമാരുമായി ജൂലൈ 11ന് കേന്ദ്രം നടത്തുന്ന ചര്‍ച്ചയിലെങ്കിലും തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് ഒരു വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് മലയോര മേഖലയിലെ ജനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.