ചേലച്ചുവട്ടില്‍ മലയോര കര്‍ഷകന്റെ പ്രതിഷേധ കൊടുങ്കാറ്റായി കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക സംഗമം

ചേലച്ചുവട്ടില്‍ മലയോര കര്‍ഷകന്റെ പ്രതിഷേധ കൊടുങ്കാറ്റായി കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക സംഗമം

ചെറുതോണി: ബഫര്‍സോണ്‍ കരിനിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത സിമിതിയുടെ ആഭിമുഖ്യത്തില്‍ ചേലച്ചുവട്ടില്‍ നടത്തിയ കര്‍ഷക പ്രതിഷേധ സംഗമത്തില്‍ ജനരോക്ഷം ഇരമ്പി.

ചുരുളി, കഞ്ഞിക്കുഴി, കീരിത്തോട്, ആല്‍പ്പാറ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്ത പ്രതിഷേധ റാലിക്കു ശേഷം ചേലച്ചുവട് ബസ് സ്റ്റാന്റ് മൈതാനിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഇടുക്കി മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ബഫര്‍ സോണ്‍, ഇഎസ്എ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കര്‍ഷക മേഖലകളും ജനവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും ഒഴിവാക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. കര്‍ഷകരോടുള്ള പ്രതിബന്ധത തെളിയിക്കുവാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

കര്‍ഷകരുടെ നിലനില്‍പ്പിന് ഭീഷണിയായി തീര്‍ന്നേക്കാവുന്ന തരത്തില്‍ 2019 ല്‍ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാനം നിരുപാധികം പിന്‍വലിച്ചെങ്കില്‍ മാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാകുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം മുഖ്യപ്രഭാഷണം നടത്തി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ചുരുളി ഫൊറോന വികാരി ഫാ. ജോസ് ചിറ്റടിയില്‍, ഫാ. തോമസ് വലിയമംഗലം യാക്കോബായ ചര്‍ച്ച് വികാരി ഫാ. മനോജ് ഈരേച്ചേരിയില്‍, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് പി.കെ. മോഹന്‍ദാസ്, ചുരുളി മുസ്ലീം ജമാത്ത് പ്രസിഡന്റ് മാഹിന്‍ ബാദുഷ മൗലവി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ് തെക്കേക്കൂറ്റ്, കെവിവിഇഎസ് ചേലച്ചുവട് യൂണിറ്റ് സെക്രട്ടറി രവി ഹരിശ്രീ, മാത്യുസ് ഐക്കര ബേബി കൊടക്കല്ലില്‍, ആഗ്‌നസ് ബേബി എന്നിവര്‍ സംസാരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.