പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങള്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സര്‍വ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തി പകരുന്ന കാവലാളുകളായി പ്രവര്‍ത്തിക്കണമെന്നും സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സൂചിപ്പിച്ചു.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ചുള്ള യുവജനസംഗമവും, എസ്എംവൈഎം വെളിച്ചിയാനി ഫൊറോന യുവജന ദിനാഘോഷവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍.
യുവസമൂഹം നല്‍കുന്ന പ്രതീക്ഷകളാണ് സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. ആഗോള അവസരങ്ങള്‍ കണ്ടെത്തി ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം തലമുറകളായി കൈമാറി ലഭിച്ച വിശ്വാസ ചൈതന്യത്തില്‍ അടിയുറച്ച് മുന്നേറുവാനും യുവസമൂഹത്തിനാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എസ്എംവൈഎം ഫൊറോന പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അനുഗ്രഹപ്രഭാഷണവും എസ്എംവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു കുരിശുംമൂട്ടില്‍ ആമുഖസന്ദേശവും നല്‍കി. ആനിമേറ്റര്‍ സി. ജെസ്സി എസ്.എച്ച്., സെന്റ് മേരീസ് ഇടവക ആനിമേറ്റര്‍ സി. ആന്‍സ് മരിയ സിഎംസി, പ്രസിഡന്റ് ഡെന്നീസ് ആന്റണി മുക്കുങ്കല്‍, രൂപത പ്രതിനിധി അഖില്‍ പടകൂട്ടില്‍, അഞ്ജു പാറക്കുളങ്ങര എന്നിവര്‍ സംസാരിച്ചു.
യുവജനസംഗമത്തിന്റെ മുന്നൊരുക്കമായി വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച യുവജന സംഗമ വിളംബര ബൈക്ക് റാലി ഫൊറോന വികാരി ഫാ. എമ്മാനുവല്‍ മടുക്കക്കുഴി ഫ്‌ളാഗ് ഓഫ് ചെയ്തു. മാര്‍ത്തോമ്മാ ക്രൈസ്തവ പാരമ്പര്യമുള്‍ക്കൊള്ളുന്ന നസ്രാണി കലകളായ മാര്‍ഗ്ഗംകളി, പരിചമുട്ട്, റമ്പാൻ പാട്ട്, കോലുകളി തുടങ്ങിയവയും വിവിധ സന്യാസ സമൂഹങ്ങളിലെ യുവസന്യാസിനിമാര്‍ നേതൃത്വം നല്‍കിയ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26