റോമയിലെ വിശുദ്ധ ഫെലിസിറ്റാസും രക്തസാക്ഷികളായ ഏഴ് മക്കളും

റോമയിലെ വിശുദ്ധ ഫെലിസിറ്റാസും രക്തസാക്ഷികളായ ഏഴ് മക്കളും

അനുദിന വിശുദ്ധര്‍ - ജൂലൈ 10

ന്റോണിനൂസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമയില്‍ നടന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിസിറ്റാസ് എന്നൊരു വിധവയ്ക്ക് ഏഴ് മക്കളുണ്ടായിരുന്നു. അസാധാരണമായ നന്മയിലായിരുന്നു അവര്‍ മക്കളെ വളര്‍ത്തിക്കൊണ്ടു വന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം ഉപവാസത്തിലധിഷ്ഠിതമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. ആ കുടുംബത്തിന്റെ ജീവിത മാതൃക കണ്ട് വീജാതീയരില്‍ പലരും ക്രിസ്തുമതം സ്വീകരിച്ചു.

ഇത് വിജാതീയ പുരോഹിതന്‍മാരെ പ്രകോപിപ്പിക്കുകയും ഫെലിസിറ്റാസിനെതിരെ ചക്രവര്‍ത്തിയുടെ പക്കല്‍ പരാതിപ്പെടുകയും ചെയ്തു. തങ്ങളുടെ സാമ്രാജ്യത്തിന്റെ സംരക്ഷകരായ ദേവന്‍മാരിലുള്ള വിശ്വാസത്തില്‍ നിന്നും നിരവധി പേരെ വേര്‍പെടുത്തി അവര്‍ ക്രിസ്തു മതത്തില്‍ ചേര്‍ത്തുവെന്നും അതിനാല്‍ തങ്ങളുടെ ദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും പുരോഹിതന്‍മാര്‍ ചക്രവര്‍ത്തിയായിരുന്ന അന്റോണിനൂസിനോട് പരാതി പറഞ്ഞു.

കോപിച്ചിരിക്കുന്ന തങ്ങളുടെ ദൈവങ്ങളെ സന്തോഷിപ്പിക്കുന്നതിനായി ഫെലിസിറ്റായേയും അവളുടെ മക്കളേയും തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലികൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു അന്ധവിശ്വാസിയായിരുന്ന അന്റോണിനൂസ് ഈ പരാതി കേട്ട മാത്രയില്‍ തന്നെ റോമിലെ മുഖ്യനായിരുന്ന പൂബ്ലിയൂസിനോട് ആ പുരോഹിതരുടെ പരാതികള്‍ തീര്‍ക്കുവാനും ദൈവങ്ങളെ സന്തോഷിപ്പിക്കുവാന്‍ വേണ്ട നടപടിയെടുക്കുവാന്‍ ഉത്തരവിട്ടു.

ഉടനടി തന്നെ ഫെലിസിറ്റായേയും അവളുടെ മക്കളേയും പിടികൂടി തന്റെ മുന്‍പില്‍ ഹാജരാക്കുവാന്‍ പൂബ്ലിയൂസ് നിര്‍ദേശം നല്‍കി. അവരെ തന്റെ മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ ഫെലിസിറ്റായോടും മക്കളോടും തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ പൂബ്ലിയൂസ് പ്രേരിപ്പിച്ചു.

എന്നാല്‍ വിശുദ്ധയുടെ മറുപടി ഇപ്രകാരമായിരുന്നു: ''എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കാമെന്നോ, നല്ല വാക്കുകള്‍ പറഞ്ഞു എന്നെ പ്രലോഭിപ്പിക്കാമെന്നോ കരുതരുത്. എന്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ് സാത്താന് എന്നെ കീഴടക്കുവാന്‍ അനുവദിക്കുകയില്ല. അവന്‍ നിങ്ങളുടെ ആക്രമണങ്ങള്‍ക്ക് മേല്‍ എനിക്ക് വിജയം നല്‍കും.''

പിന്നീട് തന്റെ മക്കളുടെ നേര്‍ക്ക് തിരിഞ്ഞ് അവരോടായി അവള്‍ പറഞ്ഞു: ''എന്റെ മക്കളേ... തന്റെ വിശുദ്ധന്‍മാര്‍ക്കൊപ്പം യേശു നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന സ്വര്‍ഗത്തിലേക്ക് നോക്കുക. അവന്റെ സ്‌നേഹത്തില്‍ വിശ്വസ്തതയുള്ളവരായിരിക്കുക. ഒപ്പം നിങ്ങളുടെ ആത്മാക്കള്‍ക്കായി ധൈര്യപൂര്‍വ്വം പോരാടുക.''

ഈ പ്രവര്‍ത്തിയില്‍ പ്രകോപിതനായ പൂബ്ലിയൂസ് നമ്മുടെ ചക്രവര്‍ത്തിയുടെ ഉത്തരവിനെ നിന്ദിച്ചുകൊണ്ട് എന്റെ സാന്നിധ്യത്തില്‍ ഇത്ര ധിക്കാരപരമായി ഉപദേശം കൊടുക്കുന്ന നീ തീര്‍ച്ചയായും ഒരു ധിക്കാരിയാണ് എന്ന് പറഞ്ഞുകൊണ്ട് ഫെലിസിറ്റാസിനെ ക്രൂരമായി പ്രഹരിക്കുവാന്‍ ഉത്തരവിട്ടു. പിന്നീട് മക്കളെ ഓരോരുത്തരെയായി വിളിപ്പിച്ച് വിജാതീയ ദേവന്‍മാരെ ആരാധിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യേശുവിനെ പ്രതി മക്കളും പൂബ്ലിയൂസിന്റെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു.

ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ അന്റോണിനൂസ് അവരെ വിവിധ ന്യായാധിപന്‍മാരുടെ പക്കലേക്ക് അയക്കുവാനും വധശിക്ഷക്ക് വിധേയരാക്കുവാനും ഉത്തരവിട്ടു. മൂത്ത മകന്‍ ജാനുവാരിയൂസ് അടിച്ചു കൊല്ലപ്പെട്ടു. അടുത്ത രണ്ടുപേരായ ഫെലിക്‌സും ഫിലിപ്പും വടികൊണ്ടുള്ള മര്‍ദ്ദനത്താല്‍ മരണപ്പെട്ടു.

നാലാമനായ സില്‍വാനൂസിനെ തല കീഴായി ഒരു ഗര്‍ത്തത്തിലെറിഞ്ഞു കൊന്നു. താഴെയുള്ള മൂന്ന് പേരായ അലക്‌സാണ്ടര്‍, വിറ്റാലിസ്, മാര്‍ഷ്യാലിസ് എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാല് മാസങ്ങള്‍ക്ക് ശേഷം അവരുടെ മാതാവിനും ഇതേ ശിക്ഷാവിധി തന്നെയാണ് നല്‍കിയത്.

റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ ഫെലിസിറ്റായുടെ ഓര്‍മ്മ തിരുനാള്‍ നവംബര്‍ 23 നും വിശുദ്ധയുടെ മക്കളുടേത് ജൂലൈ പത്തിനുമാണ് ആചരിക്കുന്നത്. ബുച്ചേരിയൂസ് പ്രസിദ്ധീകരിച്ച പഴയ റോമന്‍ ദിന സൂചികയില്‍ ഈ വിശുദ്ധരുടെ തിരുനാള്‍ ദിനമായി അടയാളപ്പെടുത്തിയിരുന്നതും ജൂലൈ പത്ത് തന്നെയായിരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്‌ളാന്റേഴ്‌സിലെ അമെല്‍ബെര്‍ഗാ

2. മൗബേജ് മഠത്തിലെ അമെല്‍ബര്‍ഗാ

3. സാര്‍ഡിസ് സ്വദേശിയായിരുന്ന അപ്പൊളോനിയസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.