ഷിൻസോ ആബെ നെഞ്ചേറ്റിയ സുവര്ണ്ണ നിറമുള്ള നെഹ്‌റു ജാക്കറ്റ്

ഷിൻസോ ആബെ നെഞ്ചേറ്റിയ സുവര്ണ്ണ നിറമുള്ള നെഹ്‌റു ജാക്കറ്റ്

ദുബായ്: ഇന്ത്യയെയും ഇന്ത്യക്കാരെയും എന്നും സ്നേഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകം. പ്രവാസ സംരംഭകർക്കും നിക്ഷേപകർക്കും ജപ്പാനുമായി മികച്ച ബന്ധമുണ്ടാക്കാൻ അവസരം നൽകിയ ആബെയുമായി അടുത്തിടപഴകിയ ഒരനുഭവത്തിലൂടെ അദ്ദേഹത്തിന് ഇന്ത്യക്കാരോടുണ്ടായിരുന്ന സ്നേഹവും സുദൃഢ ബന്ധവും ഓർത്തെടുക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ. 

ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുടെ ഇന്ത്യാ സ്നേഹത്തിന്റെ പ്രതീകമായി ആദ്യമേ ഡോ. ഷംഷീറിന്റെ മനസിലേക്കെത്തുന്നത്. 2015 ഡിസംബറിലായിരുന്നു ഇന്ത്യ ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി ആബെയുടെ ത്രിദിന സന്ദർശനം. ജപ്പാനുമായി മെഡിക്കൽ, സാങ്കേതിക രംഗങ്ങളിൽ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാനായി ലഭിച്ച അവസരം അദ്ദേഹവുമായി ആദ്യ ദിനം തന്നെ കൂടിക്കാഴ്ച നടത്താൻ ഡോ. ഷംഷീറിന്‌ വഴിയൊരുക്കി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് എന്ത് സമ്മാനിക്കുമെന്നായിരുന്നു സമയം ഉറപ്പായ ശേഷമുള്ള ഡോ. ഷംഷീറിന്റെ ആലോചന.
ആബെയുടെ പിതാമഹന്മാർക്ക് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വായിച്ച ഓർമയിൽ നിന്നാണ് സുവർണ്ണ നിറമുള്ള ഒരു നെഹ്‌റു ജാക്കറ്റ് സമ്മാനമായി തിരഞ്ഞെടുക്കാൻ ഡോ. ഷംഷീർ തീരുമാനിച്ചത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആബെയുടെ മാതൃപിതാമഹനായ അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി നോബുസുകെ കിഷിയെ ന്യൂഡൽഹിയിൽ നൽകിയ സ്വീകരണത്തിനിടെ എംപിമാർക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: "ഇത് ജപ്പാന്റെ പ്രധാനമന്ത്രിയാണ്, ഞാൻ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണിത്." ആ കണ്ണിയിൽനിന്നൊരാൾ വീണ്ടും ഇന്ത്യയിലെത്തുമ്പോൾ കാലത്തിന്റെ സുവർണ്ണ സ്മരണപുതുക്കുന്ന സമ്മാനം തന്നെയാകട്ടെയെന്നായിരുന്നു ഡോ. ഷംഷീറിന്റെ മനസ്സിൽ.

സുവർണ്ണ നിറമുള്ള ജാക്കറ്റുമായി ഷിൻസോ ആബെയെ സന്ദർശിച്ച ഡോ. ഷംഷീർ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമ്മാനപ്പൊതി കയ്യിൽ എടുത്തത്. എന്താണെന്നറിയാനുള്ള ആബെയുള്ള ആകാംഷയ്ക്കിടെ ഡോ. ഷംഷീർ തന്നെ ജാക്കറ്റ് പുറത്തെടുത്തു. "സുവർണ്ണ നിറമുള്ള ജാക്കറ്റ് കണ്ടപ്പോഴേ അദ്ദേഹത്തിന് കൗതുകമായി. ഇപ്പോൾ തന്നെ ധരിച്ചു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെള്ള ഷർട്ടിനു മുകളിൽ ജാക്കറ്റ് ധരിക്കാനായി അദ്ദേഹം എന്റെ സഹായം തേടി. ജാക്കറ്റ് ധരിച്ച് ഏറെ സന്തോഷത്തോടെ ഫോട്ടോയെടുക്കാനായി അദ്ദേഹം പോസ് ചെയ്തു. വീണ്ടും കാണാനുള്ള പ്രതീക്ഷ പങ്കുവച്ചിറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചുമാറ്റിയില്ല.

ഇന്ത്യയ്ക്കും ജപ്പാനുമിടയിലെ സ്നേഹത്തിന്റെ പ്രതീകമായി തോന്നി അദ്ദേഹത്തിൻറെ ഈ പ്രതികരണം," ഡോ. ഷംഷീർ ഓർക്കുന്നു. അടുത്ത ദിവസം വീണ്ടും സർപ്രൈസ്
ഡിസംബർ 11 ലെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദർശനത്തിന്റെ രണ്ടാം ദിവസം ഷിൻസോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള വാരണാസി സന്ദർശനമായിരുന്നു. ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണാസിയിലേക്കുള്ള ആബെയുടെ സന്ദർശനം അന്താരാഷ്‌ട്ര ശ്രദ്ധയിൽ. 

ഏഷ്യയിലെ പ്രബല ശക്തികൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും തുടർച്ചയിലെ ഊഷ്‌മള അധ്യായമെന്ന് മാധ്യമങ്ങളും നയതന്ത്രജ്ഞരും. ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ ഇരു നേതാക്കളും ഒരുമിച്ചു പങ്കെടുക്കുന്നു. ചടങ്ങിനായി ഗംഗാ തീരത്തേക്ക് ആബെ എത്തുന്ന ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോഴാണ് ഡോ. ഷംഷീറിന് തന്റെ സമ്മാനം ആബെ ഹൃദയത്തിലേറ്റിയതായി മനസിലായത്. വെള്ള കുർത്തയ്ക്ക് മുകളിൽ ചാര നിറമുള്ള ജാക്കറ്റ് അണിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം കറുപ്പ് ഷർട്ടിനുമുകളിൽ സുവർണ്ണ നിറമുള്ള ജാക്കറ്റ് ധരിച്ച് ആബേയും. 

ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസം ചേർച്ചയുള്ള വസ്ത്രങ്ങൾ ധരിച്ച് ഇരു നേതാക്കളും എത്തിയത് ശ്രദ്ധേയമായി.
"അതിഥികളെ കാണുമ്പോൾ സമ്മാനങ്ങൾ പങ്കുവയ്ക്കുന്നത് കൂടിക്കാഴ്ചകളിലെ പതിവാണ്. അവർ അത് ഹൃദയത്തിലേറ്റുന്നത് കാണുമ്പോൾ മനസ് നിറയും. ഇന്ത്യ ജപ്പാൻ ബന്ധത്തിന്റെ പ്രതീകമായി നൽകിയ സമ്മാനം അദ്ദേഹം ഏറെ നിർണ്ണായക സന്ദർശന വേളയിൽ ധരിച്ചെത്തിയത് കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി," ഡോ. ഷംഷീർ പറയുന്നു. അതിന്റെ സന്തോഷം പിന്നീടൊരിക്കൽ ആബെയുടെ സംഘവുമായി പങ്കുവയ്ക്കാനും ഡോ. ഷംഷീർ മറന്നില്ല.

ഞെട്ടിക്കുന്ന വിയോഗം
അക്രമിയുടെ വെടിയേറ്റുള്ള ആബെയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഏഴുവർഷം മുൻപുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ഡോ. ഷംഷീർ. "സംരംഭകർക്കും നിക്ഷേപകർക്കും എന്നും അവസരങ്ങൾ നൽകിയ മഹാനായ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയതിലെ നിർണ്ണായക കണ്ണി. അദ്ദേഹത്തിനെതിരായ ആക്രമണം അപലപനീയമാണ്. ആബെയുടെ അകാല വിയോഗം ലോകത്തിനാകെ തീരാനഷ്ടമാണ്."


ഫോട്ടോകൾ : 2015 ലെ ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള നെഹ്‌റു ജാക്കറ്റ് ധരിക്കാൻ ഷിൻസോ ആബെയെ ഡോ. ഷംഷീർ വയലിൽ സഹായിക്കുന്നു.
ജാക്കറ്റ് ധരിച്ച ശേഷം ആബെയ്‌ക്കൊപ്പം ഡോ. ഷംഷീർ
സുവർണ്ണ നിറമുള്ള ജാക്കറ്റ് ധരിച്ചു വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗംഗാ ആരതിയിൽ പങ്കെടുക്കുന്ന ആബെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.