ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ബൈഡന്‍; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ്; അടച്ചുപൂട്ടി ക്ലിനിക്കുകള്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ബൈഡന്‍; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ്; അടച്ചുപൂട്ടി ക്ലിനിക്കുകള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമ വിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രിം കോടതി വിധി അട്ടിമറിക്കുന്ന നീക്കവുമായി പ്രസിഡന്റ് ജോ ബൈഡന്‍. സുപ്രീംകോടതി വിധി മറികടക്കാനും ഗര്‍ഭഛിദ്ര സേവനങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവച്ചു. സ്ത്രീകള്‍ക്ക് ഗര്‍ഭം തടയുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കാനും ഗര്‍ഭഛിദ്രം വേണ്ടിവരുന്ന അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും ഉത്തരവിലൂടെ പ്രസിഡന്റ് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കുന്നു. സംസ്ഥാന അതിര്‍ത്തികളിലെ മൊബൈല്‍ അബോര്‍ഷന്‍ ക്ലിനിക്കുകളെ സംരക്ഷിക്കുമെന്നും ഉത്തരവിലൂടെ ബൈഡന്‍ വ്യക്തമാക്കി. അതേസമയം, ഈ ലക്ഷ്യങ്ങള്‍ എങ്ങനെ സാധിക്കാം എന്ന് ഓര്‍ഡര്‍ വ്യക്തമാക്കുന്നില്ല.

മനുഷ്യസ്‌നേഹികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ജോ ബൈഡന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

ഗര്‍ഭഛിദ്രത്തിനുള്ള അവകാശം അസാധുവാക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധി 'പ്രാകൃത രാഷ്ട്രീയ അധികാര' പ്രയോഗമാണെന്നാണ് ജോ ബൈഡന്റെ വാദം. യുഎസില്‍ ഗര്‍ഭചിദ്രത്തിന് നിയമസാധുത നല്‍കിയിരുന്ന വിധി അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ മാസമാണുണ്ടായത്. 1973 ലെ റോ വേഴ്സസ് വേഡ് കേസിലെ വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.

റോ വേഴ്സസ് വേഡ് അസാധുവാക്കിയ ശേഷം അതിനെതിരേ നടപടിയെടുക്കാന്‍ ഡെമോക്രാറ്റായ ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭഛിദ്രം നിയന്ത്രിക്കുന്ന നിയമങ്ങള്‍ യുഎസ് സംസ്ഥാനങ്ങള്‍ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിനാല്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതമാണ്.

'ഭരണഘടനാപരമായ വിധിയല്ല അത്, പ്രാകൃത രാഷ്ട്രീയ അധികാരത്തിന്റെ പ്രയോഗമാണിതെന്ന് വിധിയെ ഉദ്ധരിച്ച് ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

നാലു മാസത്തിനുള്ളില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വിഷയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രചാരണായുധമാക്കുമെന്നുറപ്പായി.

പുരോഗമന നിയമനിര്‍മാതാക്കളും ഗര്‍ഭച്ഛിദ്ര അവകാശ ഗ്രൂപ്പുകളും പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ സ്വാഗതം ചെയ്തപ്പോള്‍ ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. കോടതിയുടെ വിധി മറികടന്ന് ഗര്‍ഭച്ഛിദ്രം വര്‍ദ്ധിപ്പിക്കാനുള്ള വഴികളാണ് ഭരണകൂടം തേടുന്നതെന്ന് പ്രോ-ലൈഫ് അനുകൂല സംഘടനകള്‍ ആരോപിച്ചു.

അടച്ചുപൂട്ടി ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍

ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയതോടെ ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം ഏതാണ്ട് പൂര്‍ണമായി നിരോധിച്ചു.

അലബാമ, അര്‍ക്കന്‍സാസ്, അരിസോണ, ജോര്‍ജിയ, കെന്റക്കി, മിഷിഗണ്‍, മിസോറി, ഒഹായോ, സൗത്ത് കരോലിന, ടെന്നസി, ടെക്സസ്, വിസ്‌കോണ്‍സിന്‍, വ്യോമിംഗ്, മിസിസിപ്പി, ലൂസിയാന എന്നീ സംസ്ഥാനങ്ങളിലായി നിരവധി ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടി.


അടച്ചുപൂട്ടിയ  ജാക്സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അബോര്‍ഷന്‍ ക്ലിനിക്ക്‌

മിസിസിപ്പിയില്‍ ഗര്‍ഭച്ഛിദ്ര നിരോധനം വ്യാഴാഴ്ച്ച പ്രാബല്യത്തില്‍ നിലവില്‍ സംസ്ഥാനത്തെ അവസാന അബോര്‍ഷന്‍ ക്ലിനിക്കായ ജാക്സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിരവധി കുഞ്ഞു ജീവനുകളാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്കില്‍ നശിപ്പിക്കപ്പെട്ടിരുന്നത്.

ബൈഡന്റെ നീക്കം ദാരുണം: ആര്‍ച്ച് ബിഷപ്പ് വില്യം ലോറി

ഗര്‍ഭച്ഛിദ്രം തടയുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനുള്ള ജോ ബൈഡന്റെ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് യു.എസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് വില്യം ലോറി. ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന ബൈഡന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ദുരന്തമാണെന്ന് ആര്‍ച്ച് ബിഷപ്പ് ലോറി പറഞ്ഞു.

'രാജ്യത്ത് ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍ തന്റെ അധികാരം ദുരുപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ഈ തെരഞ്ഞെടുപ്പ് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ് - ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.


ആര്‍ച്ച് ബിഷപ്പ് വില്യം ലോറി

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്തുണയും പരിചരണവും വര്‍ധിപ്പിക്കുന്നതിന് അധികാരം ഉപയോഗിക്കുന്നതിനു പകരം പ്രതിരോധിക്കാനാവാത്ത, ശബ്ദമില്ലാത്ത, നിസഹായരായ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ മാത്രമേ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവു കൊണ്ടു സാധിക്കൂ.

മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ഈ പാത ഉപേക്ഷിച്ച് ജീവിക്കാനുള്ള അവകാശം തെരഞ്ഞെടുക്കാന്‍ ബൈഡനോട് ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ എപ്പോഴും തയ്യാറാണ്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ഗര്‍ഭധാരണം മുതല്‍ മനുഷ്യജീവനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. കത്തോലിക്ക വിശ്വാസിയായിട്ടും ബൈഡന്‍ ഗര്‍ഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നത് വലിയ വിമര്‍ശത്തിനിടയാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.