കോട്ടയം: സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യത്തിന്റെ ഉൾപ്രേരണയിൽ ചെറുപുഷ്പ മിഷൻലീഗ് കുറവിലങ്ങാട് ശാഖാംഗങ്ങൾ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി നിറവിൽ നടത്തിയ പരിശ്രമങ്ങളുടെ സമാപ്തിയായി ഒരു സുന്ദര ഭവനം പൂർത്തിയാക്കി. ഇവർ പഠിക്കുന്ന കുറവിലങ്ങാട് സണ്‍ഡേ സ്കൂളിലെ സഹപാഠികളിലൊരാളുടെ കുടുംബത്തിനു വീടൊരുക്കിയാണ് ഇവർ സമൂഹത്തിനു മാതൃകയായത്.
ഭവനരഹിതരെ പുനരധിവസിപ്പിക്കുവാൻ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തിൽ രൂപത നടത്തുന്ന ഹോം പാലാ പദ്ധതിയുടെയും കുറവിലങ്ങാട് ഇടവകയുടെ നസ്രത്ത് തിരുക്കുടുംബ പദ്ധതിയുടെയും ഭാഗമായാണു ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സ്മാരകമായി ഭവന നിർമാണമെന്ന പദ്ധതിക്കു കുഞ്ഞുമിഷനറിമാർ ആശയമിട്ട് യാഥാർഥ്യമാക്കിയത്.
പ്രാർത്ഥനയും സുകൃതങ്ങളും ത്യാഗപ്രവൃത്തികളുമായി 22 ദിനങ്ങളെ ദൈവ സന്നിധിയിൽ സമർപ്പിച്ചായിരുന്നു കഴിഞ്ഞ മാർച്ച് 12നു വീട് നിർമാണത്തിനു തുടക്കമിട്ടത്. കുഞ്ഞുമിഷനറിമാർ മാതാപിതാക്കളുടെ പിന്തുണയിൽ 3.1 ലക്ഷം രൂപ സമാഹരിച്ചു. മറ്റുള്ളവരിൽ നിന്നു 3.2 ലക്ഷം രൂപ കൂടി സമാഹരിച്ച് ആറര ലക്ഷത്തോളം രൂപ ചെലവു വരുന്ന വീടിന്‍റെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
എസ്സ്എംവൈഎം മുൻ ഭാരവാഹിയും കോണ്‍ട്രാക്‌ടറുമായ സുനിൽ പീറ്റർ വഴുതനപ്പള്ളം തൊഴിലാളികളുടെ പണിക്കൂലി മാത്രം വാങ്ങി നിർമാണ പ്രവർത്തനങ്ങൾക്കു തയാറായി. എസ്എംവൈഎം മുൻ ഭാരവാഹിയും ഇലക്‌ട്രിക്കൽ കോണ്‍ട്രാക്‌ടറുമായ രാജു ആശാരിപറമ്പിൽ ഇലക്‌ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ചെലവു മാത്രം സ്വീകരിച്ച് ചെയ്തു നൽകി.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മിഷൻലീഗ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ ബ്ലെസി എന്നിവരുടെ നിർദേശങ്ങൾക്കനുസൃതമായി മിഷൻലീഗ് ഭാരവാഹികളുടെയും വിശ്വാസ പരിശീലകരുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണു ഭവന നിർമാണത്തിനു നേതൃത്വം നൽകിയത്.
അർബുദ ബാധിതനായിരുന്ന കുടുംബനാഥനു കരുത്താകാനായി ലക്ഷ്യമിട്ട പദ്ധതി പൂർത്തീകരണത്തിലെത്തും മുൻപേ കുടുംബനാഥൻ നിത്യയാത്രയായെന്നതു മാത്രമാണ് ഭവന നിർമാണത്തോട് ചേർന്നു നിന്നവരുടെ സങ്കടം...
വീടിന്‍റെ ആശീർവാദം ഇന്ന് (11-7-2022 തിങ്കൾ) വൈകുന്നേരം 4.00നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.