ന്യൂഡല്‍ഹി: രാജ്യത്ത് ജാമ്യം അനുവദിക്കുന്നത് കാര്യക്ഷമമാക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശയുമായി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ശുപാര്‍ശ ചെയ്തത്.
രണ്ട് ആഴ്ചയ്ക്കുള്ളില്‍ ജാമ്യാപേക്ഷകളും ആറ് ആഴ്ചയ്ക്കകം മുന്‍കൂര്‍ ജാമ്യാപേക്ഷകളും തീര്‍പ്പാക്കണം. അറസ്റ്റ് ചെയ്യുന്നതിനുള്ള ശരിയായ നടപടി ക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും ശുപാര്‍ശയിലുണ്ട്.
സി.ആര്‍.പി.സിയുടെ സെക്ഷന്‍ 41, 41 എ എന്നിവയുടെ നിര്‍ദേശങ്ങളും അര്‍ണേഷ് കുമാര്‍ വിധിയില്‍ പുറപ്പെടുവിച്ച ഉത്തരവുകളും അനുസരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ബാദ്ധ്യസ്ഥരാണ്. ഏത് വീഴ്ചയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ശരിയായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് ശുപാര്‍ശയിൽ പറയുന്നു.
സെക്ഷന്‍ 41, 41 എ എന്നിവയുടെ കാര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ നടപടികളില്‍ കോടതികള്‍ തൃപ്തരായിരിക്കണം. അല്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. സെക്ഷന്‍ 41, 41എ പ്രകാരം പാലിക്കേണ്ട നടപടികള്‍ക്കായുള്ള സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു.
പ്രത്യേക കോടതികളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഒഴിവ് വേഗത്തില്‍ നികത്തണം. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നാല് മാസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.