മതനിന്ദ കുറ്റം ദുരുപയോഗം ചെയ്യപ്പെടുന്നത് വര്‍ധിക്കുന്നു; പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസിക്ക് വധശിക്ഷ

മതനിന്ദ കുറ്റം ദുരുപയോഗം ചെയ്യപ്പെടുന്നത് വര്‍ധിക്കുന്നു; പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസിക്ക് വധശിക്ഷ

ലാഹോര്‍: മതവിദ്വേഷം അതിരൂക്ഷമായി തുടരുന്ന പാക്കിസ്ഥാനില്‍ ഇതര മതസ്ഥരെ പീഡിപ്പിക്കാനും ശിക്ഷിക്കാനും ആയുധമായി ഉപയോഗിക്കുന്ന 'മതനിന്ദ' കുറ്റത്തിന് ഒരാള്‍ കൂടി ഇരയായി. ലാഹോറിലെ ഉള്‍ഗ്രാമത്തില്‍ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മെക്കാനിക്കായ അശ്ഫാഖ് മസിഹ് എന്ന ക്രിസ്തുമത വിശ്വാസിയാണ് മതനിന്ദ കുറ്റത്തിനുള്ള കടുത്ത ശിക്ഷയായ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ഇതര മതസ്ഥരോട് പ്രത്യേകിച്ച് ക്രിസ്ത്യാനികളോട് വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ രാജ്യത്തെ പ്രബല മതവിഭാഗം 'മതനിന്ദ' കുറ്റം ദുരുപയോഗം ചെയ്യുന്നു എന്ന് ആക്ഷേപങ്ങള്‍ ബലമേകുന്നതാണ് ഇപ്പോഴത്തെ സംഭവം. മുസ്ലീം മതവിഭാഗത്തിനോ വിശ്വാസത്തിനോ പ്രവാചകനോ എതിരായി സംസാരിച്ചു എന്നു വരുത്തിത്തീര്‍ത്ത് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്ന നിരവധി സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാര്യമായ തെളിവുകളില്ലെങ്കില്‍പ്പോലും ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കുകയാണ് കോടതികളും ചെയ്യാറ്.

2017 ലാണ് കേസിനാധാരമായ സംഭവം ഉണ്ടായത്. തന്റെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുവന്ന ബൈക്ക് കേടുപാടുകള്‍ പരിഹരിച്ചതിന്റെ പ്രതിഫലം അശ്ഫാഖ് മസിഹ് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പ്രതിഫലം ചോദിച്ചപ്പോള്‍ താന്‍ മുസ്ലീം വിശ്വാസിയാണെന്നും പ്രതിഫലം നല്‍കുന്നത് മതവിശ്വാസത്തിനെതിരാണെന്നും പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു. താന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ആളാണെന്നും പിയര്‍ ഫക്കീറില്‍ വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ എനിക്ക് നല്‍കാനുള്ളത് തരൂ എന്നും മസിഹ് നിലപാടെടുത്തു

ഇത് മതനിന്ദയായി ആരോപിച്ചാണ് മസിഹിനെതിരെ കേസെടുത്ത് കോടതിയില്‍ വിചാരണ നടന്നത്. പരാതിക്കാരുടെ മൊഴികളും കോടതി സമര്‍പ്പിച്ചിട്ടുള്ള തെളിവുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രതിഭാഗം വക്കില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അവയൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ദീര്‍ഘനാളത്തെ വിചാരണയ്‌ക്കൊടുവില്‍ ജൂലൈ നാലിന് മസിഹിന് കോടതി വധശിക്ഷ വിധിച്ചു. 12 പേജുള്ള വിധിന്യായത്തില്‍ വധശിക്ഷയ്ക്കു പുറമേ 1,00,000 പാക്കിസ്ഥാന്‍ രൂപയും പിഴ വിധിച്ചിട്ടുണ്ട്.

ഹ്യൂമന്‍ ഫ്രണ്ട്‌സ് ഓര്‍ഗനൈസേഷന്‍ എന്ന കാത്തലിക് എന്‍ജിഒ ആണ് മസിഹിന് വേണ്ടി കേസ് നടത്തിയത്. ക്രിസ്ത്യന്‍ പ്രവര്‍ത്തകരും സംഘടനകളും വിധിയെ അപലപിച്ചു. ഈ വര്‍ഷം തന്നെ ജൂണ്‍ 11 ന് അമൂണ്‍, ഖൈസര്‍ അയൂബ് എന്നി രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ദൈവനിന്ദ കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.

എതിര്‍ മതവിഭാഗങ്ങളോട് വിദ്വേഷം തീര്‍ക്കാനാണ് ഇത്തരം കേസുകള്‍ ചുമത്തി വധശിക്ഷയ്ക്ക് ഇരയാക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് യുകെയുടെ ഡയറക്ടര്‍ നസീര്‍ സയീദ് പറഞ്ഞു. മതനിന്ദ കുറ്റം ആരോപിക്കപ്പെടുന്ന ആരും കീഴ്‌കോടതികളില്‍ പോലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതായി കണ്ടിട്ടില്ല. തെളിവുകളുടെ അഭാവത്തിലും കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുകയാണ്. ഇസ്ലാമിക ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍...
മതനിന്ദ ആരോപണം: ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാന്‍ കോടതി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.