നീറ്റ് 2022 പരീക്ഷ ജൂലൈ 17ന്; പരീക്ഷയുടെ ഡ്രസ് കോഡും നിബന്ധനകളും അറിയാം

നീറ്റ് 2022 പരീക്ഷ ജൂലൈ 17ന്; പരീക്ഷയുടെ ഡ്രസ് കോഡും നിബന്ധനകളും അറിയാം

നീറ്റ് 2022 പരീക്ഷ ജൂലൈ 17ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ 18.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയ്ക്കുള്ള ഡ്രസ് കോഡ് അടക്കം വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങളും ഇതിനോടകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പരമ്പരാഗത വസ്ത്രങ്ങളോ ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ സെന്ററിലേക്ക് എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിച്ചിരിക്കണം.

12.30നാണ് അവസാന റിപ്പോര്‍ട്ടിംഗ് സമയം. പരമ്പരാഗത വേഷധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ വിശദമായ പരിശോധനകള്‍ക്കും മറ്റുമായാണ് ഈ സമയക്രമീകരണം.

ഹീല്‍ ഇല്ലാത്ത സ്ലിപ്പറുകളും സാധാരണ ചെരുപ്പുകളും മാത്രമേ പരീക്ഷാ കേന്ദ്രങ്ങളിൽ ഉപയോഗിക്കാവൂ. പരീക്ഷ ഹാളില്‍ ഷൂസ് ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍, ഏതെങ്കിലും വിധത്തിലുള്ള വാച്ച്‌, കാമറകള്‍ തുടങ്ങിയവ ഒന്നും പരീക്ഷ ഹാളില്‍ കയറ്റാന്‍ സാധിക്കില്ല. തൊപ്പി, ബെല്‍റ്റ്, പേഴ്സ്, ഹാൻഡ് ബാഗ് തുടങ്ങിവയൊന്നും അനുവദനീയമല്ല. പെൺകുട്ടികളെ പരിശോധിക്കുന്നതിന് സ്റ്റാഫിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ സ്ത്രീകളായിട്ടുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ പെൺകുട്ടികളെ പരിശോധന നടത്താന്‍ പാടുള്ളൂ.

നീറ്റ് പരീക്ഷ നീട്ടി വെയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും ജൂലൈ 17ന് തന്നെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് 546 നഗരങ്ങളിലും പുറത്ത് 14 ഇടത്തുമായാണ് പരീക്ഷ നടത്തുക. രണ്ടിനും 5.20നും ഇടയിലാണ് പരീക്ഷ സമയം. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് 20 മിനിറ്റ് അധികമായി ലഭിക്കും. ഈ 20 മിനിറ്റ് ഫലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയിലുടനീളം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എൻടിഎ) നടത്തുന്ന മത്സരപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)
തയ്യാറെടുപ്പിന്റെ അവസാന നാളുകളില്‍ നിങ്ങളുടെ അറിവ് ടെസ്റ്റ് ചെയ്യുകയും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം. ഉത്തരം ലഭിക്കാത്ത വിഷയങ്ങള്‍ വീണ്ടും റിവിഷന്‍ ചെയ്യുക. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ശ്രമിക്കുക. ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ മറ്റ് ചോദ്യങ്ങള്‍ പരിഹരിക്കണം. ടൈം മാനേജ്മെന്റ് പരീക്ഷയിലെ സുപ്രധാന ഘടകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.