ന്യുയോർക്ക് സെൻറ് തോമസ് സീറോമലബാർ ദേവാലയത്തിൽ ദുക്റാന തിരുനാളും ഇടവക സ്ഥാപനത്തിന്റ ഇരുപതാം വാർഷികാഘോഷവും സമാപിച്ചു

ന്യുയോർക്ക് സെൻറ്  തോമസ് സീറോമലബാർ ദേവാലയത്തിൽ ദുക്റാന തിരുനാളും ഇടവക സ്ഥാപനത്തിന്റ ഇരുപതാം  വാർഷികാഘോഷവും സമാപിച്ചു

ന്യുയോർക്ക്: സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുക്റാന തിരുനാളും ഇടവക സ്ഥാപനത്തിന്റ ഇരുപതാം വാർഷികാഘോഷവും നടന്നു. ജുൺ 25 ന് വി.കുർബാനയോടും നൊവേനയോടും കൂടി ആരംഭിച്ച തിരുനാൾ ജൂലൈ 5 ന് സമാപിച്ചു.


വർഷങ്ങൾക്കു ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ തിരുനാൾ സാഘോഷം കൊണ്ടാടാൻ കഴിഞ്ഞതിന് ദൈവത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് വികാരി ഫാ. ജോർജ് എളമ്പാശ്ശേരി, ട്രസ്റ്റിമാരായ ഷൈജു കളത്തിൽ, ജ്യോതി കണ്ണേറ്റുമാലിൽ, നിജോ കോയിപ്പള്ളി, തിരുനാൾ കോർഡിനേറ്റർമാരായ ഷാജി സക്കറിയാ, ജോർജ് കരോട്ട് എന്നിവർ.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്താൻ 89 പ്രസുദേന്തിമാർ തയ്യാറായി. ജൂൺ 26 ന് രാവിലെ 10 മണിക്ക് ഫാ.റോയ് മേനോലിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിക്കും തോമ്മാശ്ലീഹായോടുള്ള നൊവേനക്കും ശേഷം വികാരി ഫാ. ജോർജ് എളമ്പാശ്ശേരി 89 പ്രസുദേന്തിമാരെയും പുഷ്പമുടി അണിയിച്ചു വാഴിച്ചു. തുടർന്ന് പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ വന്ന് പ്രാർത്ഥിച്ച് വിശുദ്ധന്റെ ബഹുമാനത്തിനായി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പതാക ഉയർത്തി.
തുടർന്ന് എല്ലാവർക്കും പാരിഷ് ഹാളിൽ സ്നേഹവിരുന്ന് നൽകി.
ഇതിനു ശേഷമുള്ള ഇട ദിവസങ്ങളിൽ ആരാധനയും 7 മണിക്ക് ആഘോഷമായ കുർബാനയും തുടർന്ന് തോമശ്ലീഹായോടുള്ള നൊവേനയും ഉണ്ടായിരുന്നു.

ജുലൈ 2 ശനിയാഴ്ച വൈകുന്നേരം 4.30 ന് വിശുദ്ധ തിരുസ്വരൂപങ്ങൾ ദോവാലയത്തിൽ പ്രതിഷ്ഠിച്ച് പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് വേസ്പരയും ഉണ്ടായിരുന്നു. അതിനുശേഷം ചിക്കാഗോ രുപതയുടെ പ്രഥമ വൈദികനും ഇടവകക്കാരനുമായ ഫാ. കെവിൻ മുണ്ടക്കലിന്റെ നേതൃത്വത്തിൽ വി.കുർബാന ഉണ്ടായിരുന്നു. ഫാ. കെവിൻ ഹുസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ അസി. വികാരിയായി സേവനം ചെയ്തു വരുന്നു. ഏകദേശം 6.30 ന് ലഘുഭക്ഷണത്തോടെ പ്രസുദേന്തി നൈറ്റിലെ പരിപാടികൾ ആരംഭിച്ചു. എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാൻ ആന്റോ കണ്ണാടൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഇടവകവികാരി അദ്ധ്യക്ഷപ്രസംഗത്തിന് ശേഷം ഭദ്രദീപം കൊളുത്തി പ്രസുദേന്തിനൈറ്റ് ഉത്ഘാടനം ചെയ്തു. സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ ഹൈസ്കൂൾ,കോളേജ് ഗ്രാജുവേട്സിനെയും ആദരിച്ചു. അതിനു ശേഷം പ്രശ്സത അവതാരിക റിന്റോ റോണി പ്രസുദേന്തിനൈറ്റിലെ പരിപാടികൾ ക്രമീകരിച്ചു.
ഇടവകയിലെ കുട്ടികളും മുതിർന്നവരും ഓരേ മനസോടെ കലാപരിപാടികളിൽ പങ്കെടുത്തു. ദേവാലയത്തിന്റെ ചുറ്റിലും ഇടവകജനങ്ങൾ ഒത്തൊരുമിച്ച് കൊടിതോരണങ്ങളും വൈദ്യുതി ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. അത്താഴവിരുന്ന് ദേവലായത്തിനു വെളിയിൽ ക്രമികരിച്ചിരുന്നതിനാൽ എല്ലാവർക്കും അലങ്കാരങ്ങൾ ആസ്വാദിക്കാൻ കഴിഞ്ഞു.

ദുക്റാന തിരുനാൾ ദിവസമായ ജുലൈ 3 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. റാഫേൽ അമ്പാടന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. കുർബാനയ്ക്കു മുന്നോടിയായി ഇടവക സ്ഥാപിതമായതിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 10 മുതൽ 19 വർഷം വരെയും, 20 മുതൽ 29 വർഷം വരെയും, 30 വർഷത്തിന് മുകളിലും വിവാഹജീവിതം പിന്നിട്ട ദമ്പതികളുടെ കാഴ്ചവെയ്പ് പ്രദഷിണവും, കുർബാനയ്ക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണവും പ്രത്യേക ആശീർവാദവും നടന്നു.
അന്നേ ദിവസം ദേവാലയങ്കണത്തിൽ വിവിധ ഭക്തസംഘടനകളായ ചെറുപുഷ്പ മിഷൻലീഗ്, കാത്തലിക് വിമൻസ് അസോസിയേഷൻ, യൂത്ത് തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ സ്റ്റാളുകൾ സജീവമായി പ്രവർത്തിച്ചു. ഇടവകജനങ്ങൾ എല്ലാവരും എകമനസോടെ പങ്കെടുത്ത് ഈ പരിപാടികളെ വൻ വിജയമാക്കി.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 4 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇടവകയുടെ രണ്ടാമത്തെ വൈദികനായ ഫാ.തോമസ് മാളിയേക്കൽ മുഖ്യകാർമ്മികനായും ഫാ. സെബസ്റ്റ്യൻ ഇല്ലികുന്നേൽ, ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ. റോയ്സൺ മേനോനിക്കൽ എന്നിവർ സഹകാർമ്മികരായും ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനയുടെ ആരംഭത്തിൽ ട്രസ്റ്റിമാർ ഫാ. തോമസ് മാളിയേയ്ക്കലിനെ ബൊക്കെ നൽകി പുത്തൻ കുർബാന ചൊല്ലുവാൻ ക്ഷണിച്ചു.
ജനവരി 2, 2020ന് ബഹുമാനപ്പെട്ട അച്ചൻ ചമ്പക്കുളം സെന്റ് മേരീസ് പള്ളിയിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സ്വന്തം ഇടവകയിൽ വെച്ച് പുത്തൻ കുർബാന ചൊല്ലുവാനുള്ള അവസരം ഇപ്പോഴാണ് ലഭിച്ചത്.

തുടർന്ന് തിരുനാൾ പ്രസുദേന്തിമാർ നൽകിയ കാഴ്ചകൾ സ്വീകരിച്ച ശേഷം ബലിയർപ്പണം ആരംഭിച്ചു. ആഘോഷമായ കുർബാനക്കു ശേഷം ദേവാലയത്തിൽ നിന്നാരംഭിച്ച പ്രദക്ഷിണം ബ്രോങ്കസ് നഗരവീഥിയിലൂടെ വിവിധ ഭക്തസംഘടനകളുടെ ബാനറുകളുടെ കീഴിൽ മുത്തുക്കുടകളുടെ അകമ്പടിയോടു കൂടി മനോഹരമാക്കിയ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് എല്ലാ ഇടവകക്കാരും കേരളത്തനിമ വേഷത്തിൽ പ്രാർത്ഥനാ നിർഭരായി പങ്കെടുത്തു. കുട്ടികളുടെ ബാന്റ് സെററിന്റെയും, മുതിർന്നവരുടെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടത്തിയ പ്രദക്ഷിണം സമീപവാസികൾക്ക് ഉണർവും ഉത്തേജനവും നൽകുന്നതായിരുന്നു. ഈ ഭക്തിനിർഭരമായ പ്രദക്ഷിണം ഇടവക ജനങ്ങളുടെ കുട്ടായ്മയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി മാറി.
തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ച് ആഘോഷമായ ലദീഞ്ഞ് നടത്തി. വി.തോമാശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയങ്ങളിൽ ഒന്നാണ് ബ്രോൻകിസിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫോറോനാ ദേവാലയം. വിശുദ്ധന്റെ തിരുശേഷിപ്പു കൊണ്ട് ആശീർവാദവും പ്രത്യേക പ്രാർത്ഥനയും നടത്തി.

ഈ വർഷത്തെ തിരുനാൾ ഇടവക സമൂഹത്തിന്റെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും വലിയ ഉദാഹരണമായി മാറി. തിരുക്കർമ്മങ്ങൾക്കു ശേഷം തിരുനാൾ കോർഡിനേറ്റർമാരായ ഷാജി സക്കറിയായും ജോർജ് കരോട്ടും എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി.

ജുലൈ 5ാം തീയതി ഇടവകയിൽ നിന്നും മരിച്ചുപോയ എല്ലാവരെയും അനുസ്മരിച്ച് സെമിത്തേരി സന്ദർശനവും പ്രത്യേക പ്രാത്ഥനയും നടത്തി. തുടർന്ന് ദേവാലയത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള കുർബാനയും ഒപ്പീസും നടത്തി. അതിനു ശേഷം പള്ളിയിൽ നിന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ കൊടിമരത്തിന്റെ ചുവട്ടിൽ വന്ന് പ്രത്യേക പ്രാർത്ഥനയോടെ കൊടിയിറക്കിയതോടെ ഈ വർഷത്തെ തിരുനാളിന് സമാപനമായി. വിശുദ്ധന്റെ പതാകയെ വന്ദിച്ച് സ്നേഹവിരുന്നോടെ എല്ലാവരും പിരിത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.