രക്തസാക്ഷി ദിനാചരണങ്ങള്‍ ഉറ്റവരെ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകില്ല: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

രക്തസാക്ഷി ദിനാചരണങ്ങള്‍ ഉറ്റവരെ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകില്ല: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും കീറിമുറിക്കുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

രക്തസാക്ഷി ദിനാചരണങ്ങള്‍ അമ്മമാരുടേയും വിധവകളുടേയും അനാഥരായ മക്കളുടേയും വേദനയ്ക്ക് പകരമാവില്ലെന്ന് കോടതി പറഞ്ഞു. രക്തക്കറ പുരണ്ട വീരകഥകളും രാഷ്ട്രീയ സ്മാരകങ്ങളും ഉറ്റവരെ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമാകില്ല. വാര്‍ഷിക അനുസ്മരണങ്ങള്‍ എതിരാളിയില്‍ പകയുടെ കനല്‍ ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. നഷ്ടങ്ങള്‍ നേരിട്ടവരുടെ കണ്ണീരൊപ്പാന്‍ അത് ഉപകരിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പലപ്പോഴും കൊലപാതക കേസുകള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെടുന്നു. ഇതൊന്നും രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കുന്നില്ലെന്നു കോടതി പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിനെ വധിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടാണ് കോടതിയുടെ പ്രതികരണം. 13 പ്രതികളെയാണ് വെറുതെ വിട്ടത്.

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ചാണ് വിഷ്ണുവിനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടിയത്. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ്‌ ശിക്ഷയും നല്‍കി കോടതി ശിക്ഷിച്ചിരുന്നു.

എന്നാല്‍ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.