ചിന്താമൃതം: റോബിൻ ദിൽഷയെ കെട്ടിയാലും ഇല്ലെങ്കിലും

ചിന്താമൃതം: റോബിൻ ദിൽഷയെ കെട്ടിയാലും ഇല്ലെങ്കിലും

എലിയെപ്പോലെ വന്ന ഡോ റോബിൻ രാധാകൃഷ്ണൻ പുലിയായതെങ്ങനെ?

ബിഗ്ഗ് ബോസ് സീസൺ 4 ൽ നിന്ന് അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ്ഗ് ബോസ് സീസൺ 4 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം മലയാളികൾക്ക് അത്ര സുപരിചിതനായിരുന്നില്ല. എന്നാൽ മത്സരം മുറുകുമ്പോൾ നിലപാടുകളുടെ പേരിൽ ക്ഷോഭിക്കുന്ന - പ്രണയിക്കുന്ന റോബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. പുറത്താക്കപ്പെട്ടപ്പോൾ റോബിന് വേണ്ടി ഏഷ്യാനെറ്റിനെയും, ബിഗ്ഗ് ബോസിനെയും മോഹൻലാലിനെയും തെറി പറഞ്ഞ് പതിനായിരങ്ങൾ സോഷ്യൽ മീഡിയയിൽ ആറാടി.

എലിയെപ്പോലെ ബിഗ്ഗ് ബോസ് വീട്ടിലേക്ക് നടന്നു കയറിയ റോബിൻ ഒരു പുലിയെപ്പോലെയാണ് പുറത്തേക്ക് ഇറങ്ങിയത്. ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഇന്ന് വരെ മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത ആരാധക വൃന്ദമാണ് ഇന്ന് റോബിനുള്ളത്. സിനിമാ നടന്മാർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു. അമ്മമാർ റോബിനെ ഓർത്ത് പൊട്ടിക്കരഞ്ഞു. യുവാക്കൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് അവരുടെ ദേഷ്യം പ്രകടിപ്പിച്ചു. പരാജിതനായി എയർ പോർട്ടിലെത്തിയ റോബിന് മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറിനും ലഭിക്കാത്ത സ്വീകരണമാണ് ലഭിച്ചത്. വിവിധ ജില്ലകളിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം രാഷ്ട്രീയ പാർട്ടികളെപ്പോലും അതിശയിപ്പിച്ചു. രണ്ടോ മൂന്നോ സംവിധായകർ അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു.

അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാൻ ഓൺലൈൻ ചാനലുകൾ മത്സരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഞാനും ഈ കഥാപാത്രത്തെ ശ്രദ്ധിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സാധാരണ ഡോക്ടർ ഇത്ര പെട്ടെന്ന് ജനലക്ഷങ്ങളുടെ വീര പുരുഷനായി മാറിയതെന്നെയും അത്ഭുതപ്പെടുത്തി. എന്തുകൊണ്ടായിരിക്കും അദ്ദേഹം ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രമാത്രം പ്രശസ്തനായത്.

മുഖം മൂടികൾ അണിയുന്ന മനുഷ്യർ കൂടുതലുള്ള നമ്മുടെ നാട്ടിൽ പച്ചയായി ജീവിക്കുന്ന ഒരു യുവാവാണ് റോബിൻ രാധാകൃഷ്ണൻ. ദേഷ്യവും, സന്തോഷവും, ആക്രോശവും, സ്നേഹവും, പ്രണയവും, സൗഹൃദവും എല്ലാം പ്രകടിപ്പിച്ചു കൊണ്ടാണ് ആ വീട്ടിൽ താമസിച്ചത്. പക്ഷെ അതിലൊക്കെ ഉപരിയായി തനിക്ക് തെറ്റു പറ്റിയെന്നും താൻ മൂലം വേദനിച്ച റിയാസിനോട് മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ നന്മ കുറച്ചുകൂടി വ്യക്തമായി മലയാളികൾ തിരിച്ചറിഞ്ഞു. തന്നെ മനപ്പൂർവം പലരും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് മത്സരത്തിന്റെ ഭാഗമായി കരുതിയതു കൊണ്ട് അവരോടൊന്നും വിരോധമില്ലെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടു നിൽക്കരുതെന്നും, നിന്നെ ദ്രോഹിക്കുന്നവരോട് നിരുപാധികം ക്ഷമിക്കണമെന്നും ലോകത്തെ പഠിപ്പിച്ച നസ്രായനെ റോബിനും മാതൃകയായിട്ടുണ്ടാവാം. നസ്രായൻ തന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് ലോകത്തോട് സമ്മതിച്ച മഹാത്മാ ഗാന്ധിയുടെ ഒരു മനോഹരമായ വാചകം ഓർമ വരുന്നു. "ദുർബലർക്ക് ക്ഷമിക്കാൻ സാധിക്കില്ല, ശക്തന്മാർക്കേ അതിനു സാധിക്കൂ." ക്ഷമിച്ചതിലൂടെയും ക്ഷമ ചോദിച്ചതിലൂടെയും റോബിനും അങ്ങനെ ഹീറോ ആയി.​

https://www.youtube.com/watch?v=EopmNU_WQ5I




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.