ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ ആഭ്യമുഖ്യത്തിൽ ജൂലൈ 23 ആം തീയതി ശനിയാഴ്ച വൈകുന്നേരം മോർട്ടൻഗ്രോവിൽ വച്ചു നടത്തുന്ന “കലാസന്ധ്യ-2022” സംഗീത സായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഡബ്ല്യൂ.എം.സി പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു. സുപ്രസിദ്ധ കർണാടിക് സംഗീത വിദഗ്ദ്ധൻ റവ. ഡോ പോൾ പൂവത്തിങ്കൽ ചിക്കാഗോ സ്ട്രിങ്സ് ഓർക്കസ്ട്രയോടൊപ്പം ചേർന്ന് നടത്തുന്ന ശ്രുതി സാന്ദ്രമായ ഈ സംഗീത വിരുന്നിന് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാപ്പള്ളി ആഡിറ്റോറിയത്തിൽ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഹ്രസ്വമായ ഉത്ഘാടന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തൻപുരയിൽ സ്പോൺസർമാരെ ആദരിക്കും. പ്രൊവിൻസ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും. സിമി ജെസ്റ്റോ ജോസഫ് എം.സി ആയിരിക്കും.
ശനിയാഴ്ച നടന്ന ഡബ്യൂ.എം.സി എക്സികൂട്ടിവ് സമ്മേളനത്തിൽ സംഗീതസന്ധ്യയുടെ മനോഹരമായ ഫ്ളയർ, പ്രൊവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് പ്രകാശനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ഏറ്റെടുത്തിട്ടുള്ള ഭവനനിർമ്മാണ പദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ധനശേഖരണാർത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയ്ക്ക് നിർലോഭമായ അനവധി സ്പോൺസർഷിപ്പുകൾ ലഭിച്ചു കഴിഞ്ഞതായി ചിക്കാഗോ പ്രൊവിൻസ് ഭാരവാഹികളായ മാത്യൂസ് ഏബ്രഹാം, കോശി ജോർജ്ജ്, പ്രൊഫ. തമ്പി മാത്യു, ബീന ജോർജ്ജ് , സാബി കോലത്ത്, തോമസ് വർഗീസ്, സജി കുര്യൻ, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ അറിയിച്ചു. സംഘടന പദ്ധതിയിട്ടിരിക്കുന്ന നിർധനർക്കുള്ള നിരവധി കർമ്മപദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ഉദാരമായ സഹകരണത്തിന്റെ പിന്തുണയിലാണ് പ്രവേശന ടിക്കറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞതെന്നും ഇതു കൂടാതെ തത്സമയ വിതരണത്തിനു കൂടി ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. സംഗീതസന്ധ്യയുടെ വിജയത്തിന് വിപുലമായ പാർക്കിംഗ്, ഭക്ഷണ സ്റ്റാൾ എന്നിവയും ക്രമീകരിച്ചിട്ടുള്ളതായി പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.