തോക്ക് നിര്‍മാതാക്കള്‍ക്കെതിരെ ഇരകള്‍ക്ക് കേസുകൊടുക്കാന്‍ കാലിഫോര്‍ണിയയില്‍ നിയമം പാസാക്കി

തോക്ക് നിര്‍മാതാക്കള്‍ക്കെതിരെ ഇരകള്‍ക്ക് കേസുകൊടുക്കാന്‍ കാലിഫോര്‍ണിയയില്‍ നിയമം പാസാക്കി

കാലിഫോര്‍ണിയ: വെടിവയ്പ്പ് അക്രമത്തിന് ഇരയാകുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തോക്ക് നിര്‍മാണ കമ്പനികള്‍ക്കെതിരെ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ അവകാശപ്പെടുത്തുന്ന നിയമത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ചൊവ്വാഴ്ച ഒപ്പുവച്ചു. ആക്രണത്തിനു ഉപയോഗിച്ച തോക്ക് നിര്‍മാതാക്കള്‍ക്ക് എതിരെയാണ് കേസ് നല്‍കാന്‍ അനുവദിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ അമേരിക്കയില്‍ ഏറ്റവും കര്‍ശനമായ തോക്ക് സുരക്ഷാ നടപടികളുള്ള കാലിഫോര്‍ണിയയിലെ തോക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും.

തോക്ക് അക്രമത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കാലിഫോര്‍ണിയ ഒപ്പം ഉണ്ടാകും എന്നത് തെളിയിക്കുന്നതാണ് പുതിയ നിയമമെന്ന് ന്യൂസോം പറഞ്ഞു. തോക്ക് വ്യവസായികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന വിനാശകരമായ നാശത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും ന്യൂസോം ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

''നമ്മുടെ കുട്ടികളും മുതിര്‍ന്നവരും സമൂഹവും തോക്ക് അക്രമങ്ങളില്ലാത്ത തെരുവുകള്‍ക്ക് അര്‍ഹരാണ്. ഇതിനു വിപരീതമായി നടക്കുന്ന സംഭവങ്ങള്‍ക്ക് തോക്ക് നിര്‍മ്മാതാക്കള്‍ ഉത്തരവാദികളായിരിക്കണം. അവരുടെ ഉല്‍പ്പന്നങ്ങളാല്‍ ആളുകള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ അവര്‍ അതിന് ഉത്തരവാദികളാണ്''-ഗവര്‍ണര്‍ പറഞ്ഞു. തോക്ക് ആക്രണങ്ങള്‍ തടയുന്നതിനായി 156 മില്യണ്‍ ഡോളര്‍ സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വംശീയ ആക്രമണം, ടെക്‌സാസിലെ ഉവാള്‍ഡെ സ്‌കൂളില്‍ 19 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ കൂട്ടക്കൊല, തെരുവുകളിലെ വര്‍ധിച്ച തോക്ക് ആക്രമണങ്ങള്‍, ഇവയുടെ പശ്ചാത്തലത്തില്‍ തോക്ക് അക്രമം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമത്തിലാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചത്. 1994 ലെ ആക്രമണ ആയുധ നിരോധന നിയമം 2005 ല്‍ കാലഹരണപ്പെട്ട ശേഷം ശക്തമായി തോക്ക് നിയമം രാജ്യത്ത് ഉണ്ടായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.