വെര്‍ജീനിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും: 44 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വെര്‍ജീനിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും: 44 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും. വീടുകളും കെട്ടിടങ്ങളും വെള്ളത്തിലായി. ഉരുള്‍പ്പൊട്ടലില്‍ റോഡുകള്‍ തകര്‍ന്നു. 44 പേരെ കാണാതായെന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും ബുക്കാനന്‍ കൗണ്ടി ഷെരീഫ് ഓഫീസ് ബുധനാഴ്ച വൈകുന്നേരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മോശമായ കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം പൂര്‍ണ വേഗത്തിലാക്കാന്‍ സാധിച്ചിട്ടില്ല. കാണാതായവര്‍ ഉരുള്‍പ്പൊട്ടലിലോ വെള്ളപ്പൊക്കത്തിലോ അപകടപ്പെട്ടിട്ടുണ്ടാകുമോ അതോ പ്രാണരക്ഷാര്‍ത്ഥം മറ്റെവിടെങ്കിലും അഭയം തേടിയിട്ടുണ്ടാകുമോ എന്ന് അറിയില്ലെന്നും ഷെരീഫ് പറഞ്ഞു. പക്ഷെ ഇതുവരെ മരണങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ബുക്കാനന്‍, കെന്റക്കി, വെസ്റ്റ് വിര്‍ജീനിയ, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും രൂക്ഷമായത്. ചൊവ്വാഴ്ച്ച വൈകിട്ട് ഇവിടെ വ്യാപകമായി കൊടുങ്കാറ്റ് വീശിയിരുന്നു. ദേശീയ കാലാവസ്ഥാ സേവന റഡാറില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പ്രളയ സാധ്യത മുന്നറിയിപ്പും പ്രാദേശിക ഭരണകൂടം കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ മറ്റിടങ്ങളില്‍ അഭയം തേടിയതിനാല്‍ നാശനഷ്ടങ്ങളുടെ ആഘാതം കുറയ്ക്കാനായെന്നും സംസ്ഥാന ഡെപ്യൂട്ടി ചീഫ് എറിക് ബ്രീഡിംഗ് പറഞ്ഞു.



ചൊവ്വാഴ്ച്ച രാത്രി 8.30 നാണ് മുന്നറിയിപ്പ് നല്‍കിയത്. 10.30 ഓടെ പ്രദേശത്ത് മഴ ശക്തമാകുകയും മണിക്കൂറുകള്‍ക്കകം പ്രളയം സംഭവിക്കുകയും ചെയ്തു. നൂറിലേറെ വീടുകളില്‍ വെള്ളംകയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നു. പാലങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതി സേവനം താറുമാറായി. പ്രളയബാധിതര്‍ക്ക് താല്കാലിക താമസത്തിനായി ഓക്ക്വുഡിലെ ട്വിന്‍ വാലി എലിമെന്ററി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെന്ന് വിര്‍ജീനിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രതിനിധി ബില്ലി ക്രൈംസ് പറഞ്ഞു.

പ്രളയബാധിത മേഖലയില്‍ വിര്‍ജീനിയ ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടപ്പെട്ടവരെ രക്ഷപെടുത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഗ്ലെന്‍ യങ്കിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.