ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മാത്രമായി സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. പ്രതിപക്ഷത്തിനു മൊത്തമായി എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കും. സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചുമതലയുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയ്ക്ക് ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധി അനുമതി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ 17ന് നടക്കുമെന്ന് പാര്‍ട്ടി ഘടകം വ്യക്തമാക്കി. പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയും യോഗം വിളിച്ചിട്ടുണ്ട്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങിനെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി നിയമിച്ചു.ചൊവ്വാഴ്ച ആരംഭിച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പണം 19 വരെ തുടരും. 20 ന് സൂക്ഷ്മ പരിശോധനകള്‍ നടക്കും. ജൂലൈ 22 ന് അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെയും ഉടനെ അറിയാമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. 780 പേരാണ് പാര്‍ലമെന്റിലെ ആകെ അംഗബലം. വിജയിക്കാനായി 390 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ ബിജെപിയ്ക്ക് 394 അംഗങ്ങളുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്റെ പകര്‍പ്പും 15,000 രൂപയും ഉള്‍പ്പെടെ സമര്‍പ്പിക്കണം. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ സമര്‍പ്പിച്ച രേഖകള്‍ തിരികെ ഏല്‍പ്പിക്കുമെന്നും വ്യക്തമാക്കി. പാര്‍ലമെന്റില്‍ രാജ്യസഭാംഗങ്ങളുടെ സാന്നിധ്യത്തിലാകും തിരഞ്ഞെടുപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.