ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യം കേന്ദ്രം സ്വാഗതം ചെയ്തെന്നും സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കേന്ദ്ര മന്ത്രിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
2020ല്‍ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫര്‍ സോണ്‍ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ്. ഒരു കിലോമീറ്റര്‍ പരിധി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നാണ് കൂടിക്കാഴ്ചയിലും മന്ത്രി ഉന്നയിച്ചത്. ആവശ്യത്തില്‍ കേന്ദ്രവും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
വനാ അതിര്‍ത്തിയുടേയും എല്ലാ വന്യജീവി സങ്കേതങ്ങളുടേയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല (ബഫര്‍ സോണ്‍) നിര്‍ണയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. വനാ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധി വരെ നിര്‍ബന്ധിത പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വനാ അതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന ആയിരങ്ങളുടെ കൃഷി ഉള്‍പ്പടെയുള്ള ജീവിത മാര്‍ഗത്തെ ബാധിക്കുന്നതിന് പുറമേ ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഉത്തരവ് ബാധിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കേരളത്തില്‍ 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളുമാണുളളത്. 3211.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്നതാണ് ഈ മേഖല. ഇതു കൂടാതെ 1.5 ചതുരശ്ര കിലോമീറ്റര്‍ കടലുണ്ടി റിസര്‍വുമുണ്ട്.
ഹൈക്കോടതിക്ക് സമീപമുള്ള 0.0274 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന മംഗളവനം പക്ഷി സങ്കേതം വിധിയുടെ പരിധിയില്‍ വന്നാല്‍ കൊച്ചി നഗരത്തിലടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വരും. ഇതു കൂടാതെ പെരിയാര്‍, സൈലന്റ് വാലി, ഇരവികുളം, മതികെട്ടാന്‍ ചോല, വയനാട്, ചിന്നാര്‍, പാമ്പാടും ചോല, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാര്‍, ആറളം, തട്ടേക്കാട് എന്നീ മേഖലകളോട് ചേര്‍ന്ന ജനജീവിതവും ദുഷ്‌ക്കരമാകും.
ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലുമായി വലിയൊരു ഭൂപ്രദേശത്ത് നിര്‍മാണ മേഖലയില്‍ നിയന്ത്രണം ഉണ്ടാകുന്നതോടെ കേരളത്തിലെ നിര്‍മാണ മേഖല തന്നെ സ്തംഭിക്കും. സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 26.65 ശതമാനം വരുന്ന 11521 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന വന മേഖലയാണ് കേരളത്തിലുള്ളത്. സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നും ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കുന്നതാണ് സുപ്രീം കോടതി വിധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.