ഫ്രാന്‍സിസ്‌കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ബൊനവന്തൂര

ഫ്രാന്‍സിസ്‌കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്ന്  വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ബൊനവന്തൂര

അനുദിന വിശുദ്ധര്‍ - ജൂലൈ 15

ധ്യ ഇറ്റലിയില്‍ ബാഞ്ഞോറേജിയോ എന്ന നഗരത്തില്‍ 1221 ലായിരുന്നു ബൊനവന്തൂര ജനിച്ചത്. ജോണ്‍ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ജോണ്‍ പിഡെന്‍സാ, മേരി റിഞ്ഞെല്ലി എന്നിവരായിരുന്നു മാതാപിതാക്കള്‍.

നാലു വയസുള്ളപ്പോള്‍ കുട്ടിക്ക് കഠിനമായ ഒരു രോഗം പിടിപെട്ടു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ സമീപിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ അമ്മ അഭ്യര്‍ത്ഥിച്ചു. വൈകാതെ കുട്ടി പൂര്‍ണ സുഖം പ്രാപിച്ചു. വിശുദ്ധന്‍ പിന്നീടൊരിക്കല്‍ കുട്ടിയെ കണ്ടപ്പോള്‍ 'ബൊന വന്തൂരാ' അതായത് 'ഉത്തമ ഭാഗ്യം' എന്നു വിളിച്ചു. അങ്ങനെയാണ് ജോണിന് ബൊനവന്തൂര എന്ന പേര് ലഭിച്ചത്.

ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന അദ്ദേഹം പഠനത്തിനായി പാരീസിലേക്ക് പോയി. ഇരുപത്തിരണ്ടാം വയസില്‍ സഭാ വസ്ത്രം സ്വീകരിച്ചു. വൈകാതെ അദ്ദേഹത്തെ ആ സന്യാസ സഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും ഒന്നിപ്പിക്കുവാനുമുള്ള ബൊനവന്തൂരയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തെ ഫ്രാന്‍സിസ്‌കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്.

വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിരുന്നു. യുവത്വത്തില്‍ തന്നെ ബൊനവന്തൂര ഒരു നല്ല അധ്യാപകനും ശക്തനായ സുവിശേഷകനുമായിരുന്നു. ലയോണ്‍സിലെ സുനഹദോസില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തിന്റെ നന്മയും ബുദ്ധിയും പല വിഷയങ്ങളിലുള്ള വൈദഗ്ദ്യവും മൃദുവായ സ്വഭാവ സവിശേഷതയും മൂലമാണ് ഗ്രീക്ക് സഭ അനായാസേന ലത്തീന്‍ സഭയുമായി ഐക്യത്തിലായത്.

വിശുദ്ധന്റെ ആത്മ ജ്ഞാനത്താല്‍ അദ്ദേഹം 'ദൈവദൂതനെപോലെയുള്ള അധ്യാപകന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫ്രാന്‍സിസ്‌കന്‍ തത്വശാസ്ത്ര വിഭാഗമായ പ്ലേറ്റോണിക്ക്-അഗസ്റ്റീനിയന്‍ തത്വശാസ്ത്ര വിഭാഗത്തിന്റെ മുഖ്യ നായകനായിരുന്നു ബൊനവന്തൂര. ആശയപരമായ രംഗത്ത് അദ്ദേഹം വിശുദ്ധ തോമസ് അക്വിനാസിന്റെ ഒരു പ്രതിയോഗിയായിരുന്നു.

അക്കാലത്ത് പരക്കെ വ്യാപിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആശയങ്ങള്‍ക്കെതിരെ വിശുദ്ധന്‍ ശക്തമായി നിലകൊണ്ടു. അദ്ദേഹം രചിച്ച ''വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം'' എന്ന ഗ്രന്ഥം മധ്യ കാലഘട്ടങ്ങളിലെ ഒരു ജനസമ്മതിയാര്‍ജ്ജിച്ച ഗ്രന്ഥമായിരുന്നു.

വിശുദ്ധ ബൊനവന്തൂരയേക്കാള്‍ കൂടുതലായി സുമുഖനും ദൈവീകതയുള്ളവനും അറിവുള്ളവനും മറ്റാരുമില്ല എന്നാണ് സമകാലികര്‍ പോലും വിശ്വസിച്ചിരുന്നത്. ഗ്രീക്ക്, ലത്തീന്‍ സഭകള്‍ തമ്മിലുള്ള ഐക്യം ലക്ഷ്യമിട്ടുള്ള ലയോണ്‍സ് സുനഹദോസിനിടയ്ക്ക് 1274 ല്‍ ലയോണ്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ ബാള്‍ഡ്വിന്‍

2. ടെനദോസ് ദ്വീപിലെ അബുജിമൂസ്

3. നേപ്പിള്‍സ് ബിഷപ്പായ അത്തനേഷ്യസ്

4. ആങ്കേഴ്‌സ് ബിഷപ്പായിരുന്ന ബെനഡിക്ട്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.