കുരങ്ങ് പനി: കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്തെത്തും; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

 കുരങ്ങ് പനി: കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്തെത്തും; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കുറങ്ങ് പനി സ്ഥിരീകരിച്ചതോടെ കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്തെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്.

സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും. മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കൊല്ലം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തി. കൂടാതെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മാതാപിതാക്കള്‍, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാകാനും നിര്‍ദേശം നല്‍കി.

ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധിക്കാനും ആണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചികിത്സ, ഐസൊലേഷന്‍, വിമാന താവളങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം എന്നിവയില്‍ വിശദമായ മാര്‍ഗ രേഖയും തയ്യാറാക്കിയിട്ടുണ്ട്.

യു എ ഇയില്‍ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്.

നാട്ടില്‍ എത്തിയതിനു പിന്നാലെ പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യ വിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കി. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പടെയാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ പോലെ വായുവിലൂടെ പടരുന്ന രോഗമാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോവിഡ് ഭീതി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ കുരങ്ങു പനി ഭീതി ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് മാത്രമല്ല ലോകം മുഴുവന്‍ ഈ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് കുരങ്ങു പനി മനുഷ്യരെ പിടികൂടുന്നത്. എന്നാല്‍ വസൂരിയുടെ തീവ്രതയില്ലാത്ത രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുപനിയെന്നുള്ളതും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

കുരങ്ങു പനിക്ക് കാരണമാകുന്നത് ഓര്‍ത്തോപോക്‌സ് വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഈ രോഗം കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുരുങ്ങു പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. നിലവില്‍ യൂറോപ്പിലാണ് കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്.

കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ്. അതേസമയം വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചര്‍മ്മത്തില്‍ ചിക്കന്‍ പോക്‌സിനു സമാനമായ രീതിയില്‍ ചെറിയ കുമിളകള്‍ രൂപപ്പെടും. ഈ കുമിളകള്‍ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ശരീരത്ത് കുമിളകള്‍ കണ്ടാല്‍ അത് കുരങ്ങു പനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു വ്യക്തിയില്‍ കുരങ്ങു പനി പിടിപെടുകയാണെങ്കില്‍ രണ്ടു മുതല്‍ നാല് ആഴ്ച വരെയാണ് രോഗം നിലനില്‍ക്കുകയെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.