ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂന്ന് മക്കളുടെ അമ്മയുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ഡോണള്‍ഡ് ട്രംപ് തന്നെയാണ് മുന്‍ ഭാര്യയുടെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലെ സ്വന്തം വസതിയില്‍വെച്ചായിരുന്നു മരണമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, മരണകാരണത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഇവാന ട്രംപ് കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചതാണെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലെ ഗോവണിക്ക് സമീപം അബോധാവസ്ഥയിലാണ് ഇവാനയെ കണ്ടെത്തിയത്. അടിയന്തര സേവനങ്ങള്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസ് അറിയിച്ചത്.
'മനോഹരിയും അത്ഭുതകരവുമായ വ്യക്തിത്വത്തിനുടമയുമായിരുന്നു അവര്‍. പ്രചോദനാത്മകമായ ജീവിതമാണ് ഇവാന നയിച്ചത്. അവരുടെ അഭിമാനം മൂന്ന് മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് എന്നിവരെക്കുറിച്ച് ഓര്‍ത്തായിരുന്നുവെന്നും ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പഴയ ചെക്കോസ്ലോവാക്കിയയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലാണ് ഇവാന ജനിച്ച് വളര്‍ന്നത്. 1970 കളിലാണ് യുഎസിലേക്ക് കുടിയേറിയത്. പിന്നീട് ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്തതതിന് ശേഷം അവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറി. 1981 ലാണ് ട്രംപിനും ഇവാനക്കും ആദ്യ മകളായ ഇവാന്‍ക ജനിക്കുന്നത്. 1993 ല്‍ ട്രംപും ഇവാനയും വിവാഹമോചിതരായി. പിന്നീട് സ്വന്തം ബിസിനസ് നടത്തിയാണ് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടു പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.