പാരീസ്: ബാഴ്സലോണയിലേക്ക് തിരികെ പോകുവാന്‍ ലയണല്‍ മെസിക്ക് പദ്ധതി. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ തന്റെ റോള്‍ കുറഞ്ഞു വരുന്നതില്‍ നിരാശനായാണ് മെസി പഴയ തട്ടകത്തിലേക്കുള്ള മടക്കം ആലോചിക്കുന്നതെന്നാണ് സൂചന. ബാഴ്സലോണ കോച്ചും മുന്‍ സഹതാരവുമായ ചാവി ഹെര്‍ണാണ്ടസുമായി അര്‍ജന്റീനാ നായകന്‍ ആശയ വിനിമയം നടത്തിയതായി എല്‍ നാഷനല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.ജിയില്‍ കിലിയന്‍ എംബാപെയുടെ തീരുമാനങ്ങള്‍ ഏഴ് തവണ ബാലണ്‍ ദ്യോര്‍ നേടിയ മെസിയെ പോലും ഭരിക്കാന്‍ പോന്നതായി മാറുകയാണ് എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
റയല്‍ മഡ്രിഡ് ഓഫര്‍ നിരാകരിച്ച് ക്ലബ്ബിനൊപ്പം തുടരാന്‍ തീരുമാനിച്ച എംബാപെക്ക് പി.എസ്.ജി നല്‍കിയ പുതിയ കരാര്‍ സമഗ്രാധിപത്യത്തിന്റെതാണ്. ആരെ ടീമിലെടുക്കണം, പുറത്താക്കണം എന്ന് എംബാപെക്ക് തീരുമാനിക്കാം. അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസിയോ പോഷെറ്റീനോയെ പി.എസ്.ജി പുറത്താക്കുന്നത് എംബാപെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇതില്‍ മെസിക്ക് കടുത്ത അതൃപ്തിയുണ്ട്.
ബ്രസീല്‍ താരം നെയ്മറിന് അച്ചടക്കമില്ലെന്നും ടീമില്‍ നിന്ന് ഒഴിവാക്കണമെന്നും എംബാപെ റിപ്പോര്‍ട്ട് നല്‍കിയതും മെസിയെ കുപിതനാക്കുന്നു. ടീമില്‍ നെയ്മര്‍ വേണമെന്ന് മെസി ആവശ്യപ്പെടുമ്പോള്‍ അടുത്ത സീസണിലെ ആദ്യ ഇലവനില്‍ ഇടമില്ലാത്തവരുടെ കൂട്ടത്തിലൊരാളായി നെയ്മര്‍ മാറുന്നു. പുതിയ കോച്ച് ക്രിസ്റ്റഫെ ഗാല്‍റ്റിയര്‍ നടപ്പിലാക്കിയ ഡ്രസിങ് റൂം നിയമാവലികള്‍ ഉള്‍ക്കൊള്ളാനാകില്ലെന്ന നിലപാടിലാണ് മെസിയും ചില താരങ്ങളും.
പി.എസ്.ജിയില്‍ ജീവിച്ചു പോകാന്‍ ബുദ്ധിമുട്ടായിരിക്കുന്നുവെന്നാണ് മെസി ചില സഹതാരങ്ങള്‍ക്ക് കൈമാറിയ സന്ദേശം. എംബാപെയുമായി ആലോചിച്ചാണ് കോച്ച് ഗാല്‍റ്റിയര്‍ ഓരോ ചുവടും നീങ്ങുന്നത്. ആറ് കളിക്കാര്‍ക്കാണ് അടുത്ത സീസണില്‍ ആദ്യ ഇലവനില്‍ ഇടം ലഭിക്കുക. എംബാപെ, മെസി, മാര്‍ക്വിഞ്ഞോസ്, മാര്‍കോ വെറാറ്റി, ജിയാന്‍ലൂജി ഡൊണാരുമ്മ, അശ്റഫ് ഹാക്കിമി എന്നിവരാണ് ആ താരങ്ങള്‍. ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ നെയ്മറും പ്രെസ്നെല്‍ കിംബെപെയുമുണ്ട്. ഇവരെ ടീമില്‍ നിന്നൊഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ പതിനൊന്ന് താരങ്ങളെ ടീമിലെടുക്കാനാണ് പി.എസ്.ജിയുടെ പദ്ധതി. യുവേഫ ചാമ്പ്യന്‍സ് ലീഗിന് അനുയോജ്യമായ ടീമിനെ ഒരുക്കുക എന്നതാണ് ലക്ഷ്യം. മൗറോ ഇകാര്‍ഡി, വിനാല്‍ഡം, ഹെരേര, ഇഡ്രിസിയ, പരെഡെസ്, ഡ്രാക്സലര്‍, ഡാനിലോ പെരേര, ലാവിന്‍ കുര്‍സാവ, അബ്ദു ഡിയാലോ, തിലോ കെഹ്റെര്‍, എറിക് എബിംബെ എന്നിവരും പി.എസ്.ജിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.