ഇന്ത്യയിലെ ഫുഡ് പാർക്കുകളില്‍ 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് യുഎഇ

ഇന്ത്യയിലെ ഫുഡ് പാർക്കുകളില്‍ 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് യുഎഇ

അബുദബി: ഇന്ത്യയിലെ ഫൂഡ് പാർക്കുകള്‍ക്കായി വലിയ നിക്ഷേപം നടത്താന്‍ യുഎഇ. ദക്ഷിണേഷ്യയിലെയും മധ്യപൂർവ്വദേശത്തെയും ഭക്ഷ്യക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ഒരുങ്ങുന്ന ഫുഡ് പാർക്കുകളില്‍ 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് യുഎഇ വ്യക്തമാക്കി.

പുതിയ കാലാവസ്ഥ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള കൃഷി, കർഷകരേയും വില്‍പനക്കാരെയും ഒരുമിച്ച് കൊണ്ടുവരിക, മാലിന്യം കുറയ്ക്കുക, ജലം സംരക്ഷിക്കുക, വിളവ് വർദ്ധിപ്പിക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണ് ഫുഡ് പാർക്കുകള്‍ ആരംഭിക്കുന്നത്.ഇ ന്ത്യ, യുഎഇ , യുഎസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്.


ഇന്ത്യയില്‍ വിവിധ പുനരുപയോഗ ഊർജ്ജ പദ്ധതികള്‍ സംയുക്തമായി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുളള വിന്‍ഡ് ആന്‍റ് സോളാർ ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ് പാർക്കുകള്‍ക്കുളള 200 കോടി ഡോളറിന്‍റെ നിക്ഷേപ പദ്ധതിക്ക് പുറമെയാണിത്. പദ്ധതിയുടെ സാധ്യത പഠനത്തിനായി 33 കോടി ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഉക്രൈയിനിലെ യുദ്ധം മൂലമുണ്ടായ ആഗോള ഭക്ഷ്യക്ഷാമത്തെ കുറിച്ചുളള ആശങ്കയ്ക്കിടയിലും ഭക്ഷ്യ സുരക്ഷയിലും ശുദ്ധമായ ഊർജ്ജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്‍റ് ജോ ബിഡന്‍റെ നേതൃത്വത്തില്‍ വിർച്വല്‍ ഉച്ചകോടി ഒരുങ്ങിയത്. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,ഇസ്രായേല്‍ പ്രധാനമന്ത്രി യാർ ലാപിഡ് എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഭിന്നതകളെ അതിജീവിക്കുന്നതിനും സ്ഥിരതയും സമാധാനവും കൈവരിക്കുന്നതിനും വലിയ വെല്ലുവിളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മൂഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഈ നാല് രാജ്യങ്ങളുടെയും പൊതുവായ കാര്യമെന്നത് സമാധാനം കൈവരിക്കുകയെന്നുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അവരുടെ ഭക്ഷ്യ ഉപഭോഗത്തിന്‍റെ 80 മുതല്‍ 90 ശതമാനം വരെയും ഇറക്കുമതി ചെയ്യുകയാണ്.

അതേസമയം 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന ഉല്‍പാദനം എന്ന ഇന്ത്യയുടെ ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാന്‍ ഇസ്രായേല്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ആസ്ഥാനമായുളള കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷ്യപാടങ്ങള്‍ അടുത്ത അഞ്ച് വർഷത്തിനുളള മൂന്നിരട്ടിയാക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് ജോ ബിഡന്‍ പറഞ്ഞു.
പ്രാദേശിക കർഷകർക്ക് പ്രയോജനമാകുമെന്നതിന് പുറമെ വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനും ഫുഡ് പാർക്കുകള്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിനയ് ക്വാത്ര ദില്ലിയില്‍ പറഞ്ഞു.

കാർഷികോൽപ്പന്നങ്ങളുടെ പ്രധാന ഉൽപാദക രാജ്യമായിരുന്നിട്ടും പകുതിയോളം കൃഷിയിടങ്ങളിൽ സ്ഥിരമായി ജലസേചനം ഇല്ലാത്ത ഇന്ത്യയിൽ വിള വിളവ് താരതമ്യേന കുറവാണ്. കൂടുതല്‍ നിക്ഷേപം ഈ മേഖലയില്‍ വരുന്നതോടെ പരിമിതികള്‍ പരിഹരിച്ച് കാർഷികോത്പാദനം വർദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.