'ടി.പിയെ കൊന്നത് പാർട്ടി കോടതി; ജഡ്ജിയെയും അറിയാം': അധിക്ഷേപ പ്രസ്താവനയിൽ എം.എം മണി മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

'ടി.പിയെ കൊന്നത് പാർട്ടി കോടതി; ജഡ്ജിയെയും അറിയാം':  അധിക്ഷേപ പ്രസ്താവനയിൽ എം.എം മണി മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

എം.എം മണി മാപ്പു പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു.

തിരുവനന്തപുരം: ആർഎംപി നേതാവും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച മുൻമന്ത്രി എം.എം മണി മാപ്പു പറയണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

എം.എം മണി ഇന്നലെ നിയമസഭയിൽ കെ.കെ രമ വിധവ ആയത് അവരുടെ 'വിധി’യെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭയുടെ തുടക്കത്തിൽ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

രമയെ അവഹേളിച്ച എം.എം. മണി മാപ്പ് പറയണമെന്നു പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു. ​ ​എംഎൽഎയെ അധിക്ഷേപിച്ച അംഗം മാപ്പ് പറഞ്ഞില്ല. പക്ഷേ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയിപ്പിച്ചു. ടി.പിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ പാര്‍ട്ടി കോടതിയുടെ ജഡ്ജി ആരെന്ന് തന്നെക്കൊണ്ട് പറയിക്കരുത്. ടി.പിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചുവെന്നും സതീശൻ ആരോപിച്ചു. ​

അതേസമയം ​എം.എം മണിയുടെ പരാമാര്‍ശം അണ്‍പാര്‍ലമെന്ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കാമെന്നു സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കർ നിലപാടെടുത്തു. ​

എന്നാൽ ​മണിയുടെ പരാമർശത്തിൽ അപമാനകരമായി ഒന്നുമില്ലെന്നായിരുന്ന‌ു മുഖ്യമന്ത്രിയുടെ നിലപാട്. ‘അവർ വിധവയായതിൽ ഞങ്ങൾക്കു പങ്കില്ലെന്നാണു മണി പറഞ്ഞതെന്നും സിപിഎമ്മിനോ എൽഡിഎഫിനോ പങ്കില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ്, ജയിൽ വകുപ്പുകൾ സംബന്ധിച്ച ബജറ്റിലെ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു മണിയുടെ വാക്കുകൾ. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരെ, എൽഡിഎഫ് സർക്കാരിനെതിരെ. ഞാൻ പറയാം. ആ മഹതി വിധവയായിപ്പോയി അത് അവരുടേതായ വിധി. അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’. ‘എന്നെ പേടിപ്പിക്കേണ്ട. പറയാനുള്ളതു പറയും. ചുമ്മാ മിണ്ടാതിരിയെടാ ഉവ്വേ ? ഈ കൂവിയിരുത്തലൊന്നും എന്റെ അടുത്തു നടക്കില്ല’ എന്നായിരുന്നു നിയമസഭയിൽ മണിയുടെ പ്രതികരണം.

നിയമസഭയിൽ എം.എം.മണി നടത്തിയ വിവാദ പരാമർശത്തിലേക്കു നയിച്ചത് പൊലീസിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് കെ.കെ രമ നടത്തിയ പ്രസംഗമായിരുന്നു. പാർട്ടിക്കാരാൽ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസ് മാറിയെന്നു രമ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഇരകൾക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാർക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപ്പായുന്ന മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

കൊന്നിട്ടും തീരാത്ത പകയാണ് മണിക്കെന്ന് അദ്ദേഹത്തിന്റെ പരാമർശത്തിൽ രമ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രസ്താവന തെറ്റായിപ്പോയെന്നു മുഖ്യമന്ത്രിയോ സ്പീക്കറോ പറഞ്ഞില്ല. അധിക്ഷേപത്തിലൂടെ തളർത്താമെന്നു കരുതേണ്ടെന്നും രമ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.