റെനില്‍ വിക്രമ സിംഗെ, സജിത് പ്രേമദാസ, ഡുള്ളാസ് അലഹപ്പെരുമ
കൊളംബോ: ശ്രീലങ്കയില്‍ ഒരാഴ്ചയ്ക്കകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ദന. നിലവിലെ പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്റുമായ റെനില്‍ വിക്രമ സിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാധ്യമ പ്രവര്‍ത്തകനും എം.പിയുമായ ഡുള്ളാസ് അലഹപ്പെരുമ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
പ്രധാനമന്ത്രി, ധനമന്ത്രി എന്നീ നിലകളില്‍ പരിചയ സമ്പത്തുള്ള റെനില്‍ വിക്രമ സിംഗെയ്ക്ക് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആറു തവണ അദ്ദേഹം ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. എന്നാല്‍ വിക്രമ സിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ.
ഭരണ സഖ്യത്തിലെ ശ്രീലങ്ക പൊതുജന പെരമുനയും മുന്‍ പ്രസിഡന്റിന്റെ സഹോദരന്‍ ബാസില്‍ രജപക്‌സെയും റെനിലിനെ പിന്തുണച്ചേക്കും. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് അനഭിമതനാണ് എഴുപത്തിമൂന്നുകാരനായ റെനില്‍.
റെനില്‍ വിക്രമ സിംഗെ ആക്ടിങ് പ്രസിഡന്റാകുമെന്ന സൂചനകള്‍ വന്നതോടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രക്ഷോഭകാരികള്‍. റെനിലിനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഗോ ഹോം റെനില്‍ എന്ന പുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റാകണമെന്നാണ് ഇവരുടെ ആവശ്യം.
മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവേഗായയുടെ നേതാവ് സജിത് പ്രേമദാസ(55)യും സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്. പാര്‍ലമെന്റില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 50 അംഗങ്ങളാണുള്ളത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബിരുദധാരിയായ സജിത് പിതാവും പ്രസിഡന്റുമായ രണസിംഗെ പ്രേമദാസ 1993 ല്‍ വധിക്കപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
2000 ത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉപ ആരോഗ്യ മന്ത്രിയായും സേവനമനുഷ്ടിച്ചു. 2018 ല്‍ ഭവന നിര്‍മാണ,സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു.
പ്രായോഗിക വാദിയെന്ന് അവകാശപ്പെടുന്ന എസ്.എല്‍.പി.പിയിലെ ഡുള്ളാസ് അലഹപ്പെരുമ(63)യാണ് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്. 1994 ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാസ് മീഡിയ മന്ത്രിയും മന്ത്രിസഭ വക്താവുമായിരുന്നു. ഏപ്രിലില്‍ പ്രസിഡന്റ് മന്ത്രിസഭ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടമായി.
രജപക്‌സെ കുടുംബത്തിന്റെ കുത്തഴിഞ്ഞ ഭരണം ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ താറുമാറാക്കിയതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട പ്രസിഡന്റ് ഗോതബായ രജപക്‌സെ വ്യാഴാഴ്ച രാത്രി രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചിരുന്നു. രാജിക്കത്ത് സ്വീകരിച്ചതായി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. സിംഗപ്പൂരില്‍ നിന്നാണ് ഗോതബായ രാജിക്കത്ത് ഇ മെയില്‍ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതി മുട്ടിയ ജനം കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളും ഓഫിസുകളും കൈയേറിയിരുന്നു. ഗത്യന്തരമില്ലാതെ ഗോതബായ മാലദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലേക്കും കടന്നു. ശ്രീലങ്കയില്‍ 1978 ല്‍ പ്രസിഡന്റ് ഭരണരീതി നടപ്പാക്കിയശേഷം രാജി വെക്കുന്ന ആദ്യ പ്രസിഡന്റാണ് ഗോതബായ രജപക്‌സെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.