യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടുത്തം; അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ ഒഴിപ്പിച്ചു

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടുത്തം; അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ ഒഴിപ്പിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രി അടക്കമുള്ള ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

റിയോഡി ജനീറോ: യുഎന്‍ കാലാവസ്ഥാ ഉച്ചകോടി (സിഒപി 30) നടക്കുന്ന ബ്രസീലിലെ ബെലേമിലെ വേദിയില്‍ വന്‍ തീപിടുത്തം. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍ നിന്നും ഒഴിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനത്ത പുക പടര്‍ന്നതിനെ തുടര്‍ന്ന് 13 പേര്‍ക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു.

കല്‍ക്കരി ഇന്ധനം, കാലാവസ്ഥാ ധന സഹായം, വ്യാപാര നടപടികള്‍ എന്നിവയിലെ സ്തംഭനാവസ്ഥ ഭേദിക്കാനുള്ള ചര്‍ച്ചകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ആരോഗ്യ ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തം ഉണ്ടായത്. ആറ് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനയെത്തി തീ അണച്ചെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രി അടക്കം ഇന്ത്യയില്‍ നിന്നുള്ള 20 മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.